മലപ്പുറം എസ്പിക്ക് കൊറോണ രോഗം; താനൂര്‍ സിഐക്കും കൊറോണ, കളക്ടര്‍ നിരീക്ഷണത്തില്‍
മലപ്പുറം: ജില്ലാ പോലീസ് സൂപ്രണ്ട് യു അബ്ദുല്‍ കരീമിന് കൊറോണ രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഗണ്‍മാന് രണ്ടു ദിവസം മുമ്പ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് എസ്പി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളൊന്നും എസ്പിക്കുണ്ടായിരുന്നില്ല. പരിശോധിച്ചപ്പോഴാണ് രോഗം കണ്ടത്. അദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണര്‍ ക്വാറന്റൈനിലാണ്. കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരില്‍ എസ്പിയും കളക്ടറുമെല്ലാമുണ്ടായിരുന്നു.

കഴിഞ്ഞദിവസം താനൂര്‍ സിഐക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ വയോധികയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശിക്ക് രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് പ്രതിയുമായി അടുത്തിടപഴകിയ താനൂര്‍ എസ്‌ഐയും ഒമ്പത് പോലീസുകാരും ക്വാറന്റൈനില്‍ പ്രവേശിച്ചു. എന്നാലിപ്പോള്‍ സിഐക്കാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ നിരീക്ഷണത്തിലാണ്.
അതേസമയം, ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 61 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,327 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
33,694 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍ടിപിസിആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 78,512 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 76,006 പേരുടെ ഫലം ലഭ്യമായതില്‍ 69,105 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,393 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.












Click it and Unblock the Notifications