മലപ്പുറത്ത് മൂന്നാം ക്ലാസുകാരനെ കടിക്കാനോടിച്ച് തെരുവുനായ; രക്ഷിച്ചത് അയൽവാസി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: മദ്രസയിലേക്ക് പോവുകയായിരുന്ന മൂന്നാം ക്ലാസുകാരനെ കടിക്കാനോടിച്ച് തെരുവുനായ. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. തിരൂരങ്ങാടിയിലാണ് സംഭവം. അയൽവാസി കൃത്യസമയത്ത് ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ മധ്യവയസ്‌ക്കനെ തെരുവുനായ ആക്രമിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കീഴ്ച്ചുണ്ട് തെരുവ് നായ കടിച്ചുപറിക്കുകയായിരുന്നു. പിന്നീട് ദേഹമാസകലം മാന്തുകയും ചെയ്തു. ഗുരുതരപരിക്കുകളോടെ ഇദ്ദേഹം ആശുപത്രിയിലാണ്.

വീടിന് പുറകുവശത്തെ കോഴിക്കൂടിന് സമീപത്ത് നിന്ന് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു ഇദ്ദേഹത്തെ തെരുവുനായ ആക്രമിച്ചത്. രണ്ട് ദിവസം മുൻപ് രണ്ട് കുട്ടികളേയും തെരുവുനായ ആക്രമിച്ചിരുന്നു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
മറ്റ ജില്ലകളിലും തെരുവ്‌നായ ശല്യം രൂക്ഷമാണ്. രണ്ട് ദിവസം മുമ്പ് പത്തനംതിട്ടയിൽ പത്ത് പേരെയാണ് തെരുവുനായ ആക്രമിച്ചത്. തൃശൂർ ജില്ലയിലെ വല്ലച്ചിറ, ഊരകം ഭാഗങ്ങളിൽ ഉള്ള പത്ത് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
അതേസമയം, കഴിഞ്ഞ ഞായറാഴ്ച തെരുവു നായയുടെ കടിയേറ്റ് കണ്ണൂർ മുഴപ്പിലങ്ങാടിൽ 11 വയസുകാരൻ മരിച്ചിരുന്നു. സംസാര ശേഷിയില്ലാതിരുന്ന നിഹാൽ നൗഷാദാണ് മരിച്ചത്. നിഹാലിനെ തെരുവ് നായ്ക്കൾ കടിച്ചുകീറുകയായിരുന്നു.












Click it and Unblock the Notifications