എടപ്പാള്‍ 'സ്‌ഫോടനം' മദ്യലഹരിയില്‍? രണ്ട് യുവാക്കള്‍ പിടിയില്‍, പരിശോധിച്ചത് 40 ഓളം സിസിടിവികള്‍
മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തിന് അടിയില്‍ നഗര മധ്യത്തിലുള്ള റൗണ്ട് എബൗട്ടില്‍ അപകടകരമാം വിധം പടക്കം പൊട്ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. പൊന്നാനി പള്ളപ്രം ഉറൂബ് നഗര്‍ കോയിമ വളപ്പില്‍ വിഷ്ണു ( 20 ), വെളിയങ്കോട് അയ്യോട്ടിച്ചിറ കരിക്കലത്ത് ജംഷീര്‍ ( 19 ) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മദ്യലഹരിയിലാണ് പ്രതികള്‍ നഗരമധ്യത്തില്‍ സ്‌ഫോടക വസ്തു പൊട്ടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടാമ്പി റോഡില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ എത്തിയ ജംഷീറും വിഷ്ണുവും റൗണ്ട് എബൗട്ടില്‍ വീര്യമേറിയ ഗുണ്ട് വിഭാഗത്തില്‍പ്പെട്ട പടക്കം പൊട്ടിക്കുകയായിരുന്നു.

ഈ സമയം റോഡില്‍ നിറയെ വാഹനങ്ങളുണ്ടായിരുന്നു. സ്‌ഫോടക വസ്തുവിന് തീ കൊടുത്തതിന് പിന്നാലെ ഇരുവരും പൊന്നാനി റോഡിലേക്ക് കടന്ന് അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുള്ള വലിയ ശബ്ദത്തില്‍ നാട്ടുകാരും പരിഭ്രാന്തരായി. പൊലീസും ബോംബ് സ്‌ക്വാഡും സയന്റിഫിക് വിഭാഗവും ഡോഗ് സ്‌ക്വോഡും അടക്കമുള്ളവര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിയിരുന്നു.
പ്രദേശത്തെ 40-ഓളം സി സി ടി വി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് യുവാക്കളുടെ ദൃശ്യവും, പടക്കം വാങ്ങിയ കടയുമെല്ലാം കണ്ടെത്താനായി. പിന്നാലെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പൊലീസ് സംഘം എടപ്പാളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പൊതുസ്ഥലത്ത് ഭീതി പരത്തിയതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
എടപ്പാള്‍ ടൗണില്‍ പൊട്ടിത്തെറിക്ക് ഉപയോഗിച്ച പടക്കത്തിന്റെ അവശിഷ്ടങ്ങളില്‍ നൈട്രേറ്റിന്റെ അംശമാണ് അടങ്ങിയിട്ടുള്ളതെന്ന് ഫൊറന്‍സിക് അധികൃതര്‍ കണ്ടെത്തിയിരുന്നു. പട്ടാമ്പി റോഡിലെ കടയില്‍ നിന്നാണ് പടക്കം വാങ്ങിയത്. ഡി വൈ എസ് പിയുടെ സ്‌ക്വാഡിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത് എന്നതിനാല്‍ പൊലീസ് ഗൗരവമായി തന്നെ സംഭവത്തെ കണ്ടിരുന്നു. അതിനാല്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി പ്രദേശത്തെ മുഴുവന്‍ സി സി ടി വി ക്യാമറകളും അരിച്ചു പെറുക്കിയായിരുന്നു പൊലീസിന്റെ പരിശോധന.












Click it and Unblock the Notifications