ഇന്‍സ്റ്റാഗ്രാമിലൂടെ പ്രണയം; മലപ്പുറത്തെത്തി യുപി സ്വദേശി, 16 കാരിയെ കൂട്ടി ഡല്‍ഹിയിലേക്ക്; ഒടുവില്‍ പിടിയില്‍
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് പെണ്‍കുട്ടിയെ നേരില്‍ കാണാനും നാട്ടിലേക്ക് കൊണ്ടുപോകാനുമായി ഇയാള്‍ കേരളത്തിലെത്തുകയായിരുന്നു

മലപ്പുറം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ തേടി ഉത്തര്‍പ്രദേശ് സ്വദേശി മലപ്പുറത്ത്. പതിനെട്ട് വയസ് മാത്രം പ്രായമുള്ള യു പി സ്വദേശി പതിനാറുകാരിയെ കൂട്ടി ട്രെയിനില്‍ മടങ്ങുന്നതിനിടെ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ നിന്നുള്ള പതിനാറുകാരിയുമായാണ് യു പി സ്വദേശിയായ പതിനെട്ടുകാരന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായത്. ഒടുവില്‍ കാമുകിയെ നേരില്‍ കാണാനും ഡല്‍ഹിയിലേക്ക് കൂട്ടിക്കൊണ്ട് പോകാനുമാണ് ഇയാള്‍ മലപ്പുറത്ത് എത്തിയത്.
ഉത്തര്‍പ്രദേശിലെ അമേര ചൗദര്‍പുര്‍ ഗ്രാമത്തില്‍ നിന്നുള്ള മുഹമ്മദ് നവേദ് ആണ് മലപ്പുറത്ത് എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് മുഹമ്മദ് നവേദിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി ക്ലാസിലേക്ക് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് മുഹമ്മദ് നവേദും പെണ്‍കുട്ടിയും മഞ്ചേരിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും യാത്ര തിരിച്ചു. കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കാനായിരുന്നു പദ്ധതി.

ഇതിനിടെ പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി ഡല്‍ഹിയിലേക്ക് തിരിക്കുന്നു എന്ന വിവരം ലഭിച്ച പൊലീസ് ഉടന്‍ സന്ദേശം റെയില്‍വേ പൊലീസിന് അയച്ചു. തുടര്‍ന്ന് ഇരുവരെയും കാസര്‍കോട് വെച്ച് റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു.
പിന്നീട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം കാസര്‍കോടെത്തിയ പൊലീസ് ഇരുവരേയും മലപ്പുറത്തേക്ക് തിരിച്ചുകൊണ്ട് വരികയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇന്‍സ്റ്റഗ്രാം പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും കാര്യം വെളിവായത്. പെണ്‍കുട്ടിയെ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.












Click it and Unblock the Notifications