കാട്ടാനയെ വെടിവെച്ചു കൊന്ന് കൊമ്പുകള്‍ കടത്തിയ കേസ്: മലപ്പുറത്ത് മുഖ്യ പ്രതി അറസ്റ്റില്‍
മലപ്പുറം: കരുവാരക്കുണ്ട് മണലിഴാംപാടം ഉള്‍വനത്തില്‍ കാട്ടാനയെ വെടിവെച്ചു കൊന്ന് കൊമ്പുകള്‍ കടത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. പാണ്ടിക്കാട് പയ്യപറമ്പ് സ്വദേശി ആലപ്പാട് റാഫേല്‍ (42) നെയാണ് സൈലന്റ് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നജ്മല്‍ അമീന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മുറിച്ചെടുത്ത കൊമ്പുകളും വനപാലകര്‍ കണ്ടെടുത്തു.
രണ്ടര മാസത്തോളമായി ഒളിവിലായ പ്രതി സ്വമേധയാ മഞ്ചേരി കോടതിയില്‍ ഹാജരാകാന്‍ ഒരുങ്ങവേ വെള്ളിയാഴ്ച്ച രാവിലെയാണ് വനപാലകര്‍ പിടികൂടിയത്.പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാണ്ടിക്കാട് പുക്കൂത്ത് പെരുമ്പുല്ലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ഉപയോഗ്യശൂന്യമായ കിണറ്റില്‍ നിന്നാണ് മുറിച്ചെടുത്ത ആന കൊമ്പുകള്‍ കണ്ടെടുത്തത്. ചാക്കില്‍ പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു കൊമ്പുകള്‍. റാഫേലിന്റ അറസ്റ്റോടെ കേസില്‍ വനപാലകര്‍ പിടികൂടിയവരുടെ എണ്ണം മൂന്നായി. നാലുപേര്‍ക്കുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സൈലന്റ് വാലി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നജ്മല്‍ അമീന്‍ പറഞ്ഞു.

ഫെബ്രുവരി 25 നാണ് രണ്ട് കാട്ടാനകളെ കരുവാരക്കുണ്ട് മണലിഴാംപാടം ഉള്‍വനത്തില്‍ ചെരിഞ്ഞ നിലയില്‍ കണ്ടത്തിയത്. ഇതില്‍ കൊമ്പനാന ചെരിഞ്ഞത് വെടിയേറ്റാണന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കേസില്‍ ഒടോമ്പറ്റ സ്വദേശി മേലേതില്‍ യാഷിര്‍ , പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി ബിജുമോന്‍ എന്നിവര്‍ അന്ന് തന്നെ അറസ്റ്റിലാവുകയും ചെയ്തു. ആനയെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് യാഷിറിന്റെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റാഫേലും പിടിയിലാകുന്നത്.
ഇവര്‍ക്ക് പുറമെ സംഘത്തിന് തോക്ക് നിര്‍മിച്ച് നല്‍കിയ കേസില്‍ രണ്ടു പേരെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രതിയെ വെളളിയാഴ്ച്ച ഉച്ചയോടെയാണ് പുക്കൂത്ത് എത്തിച്ച് കൊമ്പുകള്‍ കണ്ടെടുത്തത്.പ്രതിയെ ശനിയാഴ്ച്ച മഞ്ചേരി കോടതിയില്‍ ഹാജരാക്കും. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നജ്മല്‍ അമീന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.മുഹമ്മദ് ഹാഷിമും സംഘവുമാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications