റോഡിന്റെ സംരക്ഷണ മതില്‍ തകര്‍ന്ന് ലോറി താഴ്ചയിലേക്ക് മറിഞ്ഞു: മലപ്പുറത്ത് യുവാവ് മരിച്ചു
മലപ്പുറം: ലോറി മറിഞ്ഞു ആസാം സ്വദേശിയായ യുവാവു മരിച്ചു. ആസാം ചിരാങ് ജില്ലയിലെ ബാര്‍ച്ചാര ദുര്‍ഗമാരി സ്വദേശി മുസാഫര്‍ ഷെയ്ഖ് മകന്‍ അലാവുദ്ദീന്‍ ഷെയ്ഖ് (24) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ അരീക്കോട് -കൊണ്ടോട്ടി റൂട്ടില്‍ ചെമ്പാപ്പറമ്പ് റോഡിലാണ് അപകടം. റോഡിന്റെ സംരക്ഷണ മതില്‍ തകര്‍ന്ന് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടം മനസ്സിലായ ഡ്രൈവര്‍ ലോറിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ചെങ്കല്‍ ലോഡിംഗ് തൊഴിലാളിയായ അലാവുദ്ദീന്‍ ഷെയ്ഖ് ലോറിക്കടിയില്‍ പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരീക്കോട് അഡിഷണല്‍ എസ് ഐ രാമന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റു വാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. ആലിയ ബീവിയാണ് മാതാവ്, ഭാര്യ: നുര്‍ഹത്തൂന്‍ ബീവി, മകന്‍: സക്കരിയ ആലം.












Click it and Unblock the Notifications