നിലമ്പൂരിലെ കൂട്ടമരണം; ഭാര്യയ്ക്കും മക്കള്‍ക്കും പിന്നാലെ ഭര്‍ത്താവും... മൃതദേഹം കണ്ടത് തോട്ടത്തില്‍
നിലമ്പൂര്‍: മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്ത രഹ്നയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് (35) നെയാണ് തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മതൃദേഹം റബ്ബര്‍ തോട്ടത്തില്‍ കണ്ടത്. ജേഷ്ഠന്റെ വീട്ടിലായിരുന്നു ബിനേഷ് താമസിച്ചിരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് നിലമ്പൂരില്‍ അമ്മയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രഹ്ന(34), മക്കളായ ആദിത്യന്, അര്ജുന്, അനന്തു എന്നിവരാണ് മരിച്ചത്. മക്കള്‍ വിഷം ഉള്ളില്‍ ചെന്ന നിലയിലും അമ്മ തൂങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്. ടാപ്പിങ് തൊഴിലാളിയാണ് ബിനേഷ്. ഭാര്യയും മക്കളും മരിച്ച ദിവസം ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. കണ്ണൂര്‍ ഇരിക്കൂറില്‍ ജോലിക്ക് പോയതായിരുന്നു. കുടുംബ വഴക്കാണ് ദുരന്തത്തിന് കാരണമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ബിനേഷിന് പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് രഹ്നയുടെ മരണത്തിലേക്ക് നയിച്ചതെന്നും രഹ്നയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ബിനേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
ജോലി സ്ഥലത്ത് നിന്ന് കഴിഞ്ഞ മാസം 29ന് ബിനേഷ് നാട്ടിലെത്തിയിരുന്നു. കുട്ടികളുടെ ജന്മദിനം ആഘോഷിച്ച് ശേഷം നവംബര്‍ മൂന്നിനാണ് തിരിച്ചുപോയത്. ഞായറാഴ്ച രാവിലെ ബിനേഷ് രഹ്നയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ വന്ന് പരിശോധിച്ചപ്പോഴാണ് രഹ്നയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
