മലപ്പുറത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; പീനട്ട് ബട്ടര്‍ ഫ്രൂട്ട് ജാം എന്ന പേരില്‍ ലഹരിക്കടത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി എക്‌സൈസ്. മഞ്ചേരിയില്‍ 500 ഗ്രാം എം ഡി എം എയുമായി മൂന്ന് പേരെ എക്‌സൈസ് സംഘം പിടികൂടി. മലപ്പുറത്ത് നിന്ന് ഇത് വരെ പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ എം ഡി എം എ വേട്ട ആണിത് എന്ന് എക്‌സൈസ് അറിയിച്ചു.
മലപ്പുറം കോനോമ്പാറ പുതുശേരി വീട്ടില്‍ റിയാസ്, പട്ടര്‍ക്കടവ് പനാഗാഗര സ്വദേശി നിഷാന്ത്, പട്ടര്‍ക്കടവ് മൂന്നോക്കാരന്‍ വീട്ടില്‍ സിറാജുദീന്‍ എന്നിവരാണ് എക്‌സൈസിന്റെ തന്ത്രപരമായ നീക്കത്തില്‍ വലയിലായത്. ആന്‍ഡമാനില്‍ നിന്നും കൊറിയര്‍ വഴി ആയിരുന്നു എം ഡി എം എ എത്തിച്ചത്.
മഞ്ചേരി തുറക്കലിലെ കൊറിയര്‍ സര്‍വീസ് സ്ഥാപനത്തിലേക്ക് ആണ് കൊറിയര്‍ എത്തിച്ചത്. പീനട്ട് ബട്ടര്‍ ഫ്രൂട്ട് ജാം എന്ന പേരില്‍ ആണ് മൂവരും എം ഡി എം എ എത്തിച്ചത്. കൊറിയര്‍ വഴി എം ഡി എം എ എത്തുന്നതായി എക്‌സൈസിന് നേരത്തെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു
ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസമായി എക്‌സൈസ് സംഘം വലവിരിച്ചിരുന്നു. പിടികൂടിയ എം ഡി എം എക്ക് വിപണിയില്‍ ലക്ഷങ്ങള്‍ വിലയുണ്ട്. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് തുറക്കലിലെ കൊറിയര്‍ സര്‍വീസ് കേന്ദ്രത്തിനു സമീപം രഹസ്യമായി നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു.
ഇതിനിടെയാണ് പ്രതികള്‍ 'സാധനം' കൈപ്പറ്റാന്‍ കൊറിയര്‍ സ്ഥാപനത്തിലേക്ക് എത്തിയത്. റിയാസ് ആണ് സംഘത്തിലെ പ്രധാനി. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിന് സഹായിക്കുന്നവരാണ് പിടിയിലായ മറ്റ് രണ്ട് പേര്‍. ഗ്രാമിന് 3000 രൂപ മുതല്‍ 5000 രൂപ വരെ വില വരെ ചെറു പാക്കറ്റുകള്‍ ആക്കിയാണ് സംഘം മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നിരുന്നത്. പ്രതികളെ മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു












Click it and Unblock the Notifications