യൂത്ത്ലീഗ് മലപ്പുറം ഉപാധ്യക്ഷനെതിരെ പെണ്‍കുട്ടികളുടെ 19പീഡനപരാതികള്‍, അധ്യാപകനായ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു
മലപ്പുറം: മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷനായ സ്‌കൂള്‍ അധ്യാപകന്‍ 19 പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. കോഡൂര്‍ ചെമ്മന്‍കടവ് പിഎംഎസ്എഎംഎ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനും യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കൂടിയായ അഫ്‌സല്‍ റഹ്മാനെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്.

മുസ്ലിംലീഗ് വിദ്യാര്‍ഥി പ്രസ്ഥാനമായ എംഎസ്എഫിന്റെ മുന്‍ സംസ്ഥാന ട്രഷറര്‍ കൂടിയായിരുന്നു അഫ്‌സല്‍ റഹ്മാന്‍. അധ്യാപകനെതിരെ ഗൗരവപരമായ 19 പരാതികളാണ് ലഭിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെജി പ്രസാദ് പറഞ്ഞു.വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്താവുന്ന പരാതികളാണ് ലഭിച്ചതെന്നും ഇതിന്റെ ഭാഗമായാണ് 15ദിവസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ താന്‍ ശിപാര്‍ശചെയ്തതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

നിയമം അനുശാസിക്കുന്ന മുഴുവന്‍ നടപടികളും അധ്യകപകനെതിരെ ചുമത്തും. ചൈല്‍ഡ്‌ലൈനും പോലീസിനും പരാതി നല്‍കി. വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പല്‍ക്ക് നല്‍കിയ പരാതിയും പോലീസിന് കൈമാറി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍കൂടിയായ അധ്യാപകന്‍ എന്‍എസ്എസ് ക്യാമ്പിനിടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.

വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും പരാതിയുമായി സ്‌കൂളിലെത്തിയിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനങ്ങളും നടത്തി. സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

ശനിയാഴ്ച സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കി. വര്‍ഗീയതക്കെതിരെ യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരളാ യാത്രയുടെ ആദ്യ ദിവസംതന്നെ യൂത്ത്‌ലീഗ് നേതാവിനെതിരെ ഉയര്‍ന്ന പീഡന പരാതികളും സസ്‌പെന്‍ഷനും പാര്‍ട്ടിക്ക് നാണക്കേടായി. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാാഴ്ച രാത്രി ചെമ്മന്‍കടവ് അങ്ങാടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.












Click it and Unblock the Notifications