വിഷലിപ്തമായ പ്രചാരണം നടത്തുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്
മലപ്പുറം: പിണറായി വിജയനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന പ്രചാരണമാണ് മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിങ്ങളുടെ ഇടയില്‍ വന്ന് ആര്‍എസ്എസ് വരുന്നു എന്ന് പറയുക. മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങളുടെ എല്ലാ ആനുകൂല്യങ്ങള്‍ കൊണ്ടുപോകുമെന്ന് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ പറയുക. അവാസ്തവമായ പ്രചാരണമാണ് ഇടതുപക്ഷം ചെയ്യുന്നത്.

ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി കൂട്ടുപിടിക്കുകയാണ്. മുസ്ലിം ലീഗിനെ ഇല്ലാതാക്കി മുഖ്യമന്ത്രി ആരെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. പിണറായി വിജയന്റെ നിലപാട് സിപിഎമ്മിന് കനത്ത നഷ്ടമുണ്ടാക്കും. ഈ നിലപാട് ദൗര്‍ഭാഗ്യകരമാണ്. സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം. ബിജെപിക്ക് നേട്ടമുണ്ടാക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും കെപിഎ മജീദ് പറഞ്ഞു.
ഉത്തരേന്ത്യയില്‍ ബിജെപി കളിക്കുന്ന വര്‍ഗീയ രാഷ്ട്രീയമാണ് സിപിഎം കേരളത്തില്‍ പയറ്റുന്നത്. മുഖ്യമന്ത്രി പറയുന്നത് വി മുരളീധരന്റെ വാക്കുകളാണ്. ദുഷ്ടലാക്കോടെയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഈ പ്രശ്‌നങ്ങളെ സമീപിക്കുന്നത്. കേരളത്തില്‍ സമാധാന പരമായ സാഹചര്യമാണുള്ളത്. അവിടെ വിഷലിപ്തമായ പ്രചാരണമാണ് മുഖ്യമന്ത്രി പോലുള്ള ഉന്നത പദവിയിലിരുന്ന് പിണറായി വിജയന്‍ ചെയ്യുന്നത്.
കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായി. നിയമസഭാ തിരഞ്ഞെടുപ്പിലും അങ്ങനെ തന്നെയാകും. ഇനി ബിജെപി നേട്ടമുണ്ടാക്കുന്നു എങ്കില്‍ അത് സിപിഎമ്മിന്റെ നയവൈകല്യം കൊണ്ടു മാത്രമാകും. പിണറായി വിജയന്റെ പല നിലപാടുകളും കേന്ദ്ര നേതൃത്വം ഇടപെട്ട് തിരുത്തിയിട്ടുണ്ട്. പന്തീരങ്കാവ് കേസില്‍ അതു കണ്ടതാണെന്നും മജീദ് പറഞ്ഞു.












Click it and Unblock the Notifications