ബിരിയാണി കഥയുമായി അബ്ദുറബ്ബ്; കെടി ജലീലിന് കൊട്ട്... മുസ്ലിം ലീഗിന് മുമ്പേ ചന്ദ്രികയുണ്ട്
മലപ്പുറം: കെടി ജലീലിന്റെ ചന്ദ്രിക സംബന്ധിച്ച പ്രതികരണത്തിന് മറുപടിയുമായി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. തന്റെ പിന്നാലെ കൂടി സമയം കളയേണ്ടെന്നും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നുമാണ് ജലീല്‍ മുസ്ലിം ലീഗിനെ ഉണര്‍ത്തിയത്. തന്നെ തെറിവിളിക്കുന്ന മുസ്ലിം ലീഗിന്റെ സൈബര്‍ വീരന്മാര് സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പറ്റുന്നത് ചെയ്യൂ എന്നായിരുന്നു ജലീലിന്റെ ഉപദേശം.
ഇതിനുള്ള മറുപടിയാണ് അബ്ദുറബ്ബ് നല്‍കുന്നത്. പഴയ ബിരിയാണിക്കഥ പറഞ്ഞാണ് അബ്ദുറബ്ബിന്റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ഉന്നിയിച്ച ബിരിയാണി ചെമ്പ് ആരോപണവും അബ്ദുറബ്ബ് പരോക്ഷമായി സൂചിപ്പിക്കുന്നു. മുസ്ലിം ലീഗ് ഉള്ളിടത്തോളം കാലം ചന്ദ്രികയുമുണ്ടാകുമെന്നും മുസ്ലിം ലീഗിന് മുമ്പേ തുടങ്ങിയതാണ് ചന്ദ്രിക എന്നും അബ്ദുറബ്ബ് ഓര്‍മിപ്പിക്കുന്നു. പാണക്കാട് മാത്രമല്ല, ചന്ദ്രികയിലും ഞങ്ങള്‍ മേസ്തരിപ്പണിക്ക് ആളെ വച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുറബ്ബിന്റെ കുറിപ്പ് വായിക്കാം....
വിളമ്പാന്‍ നേരത്താണ്
ബിരിയാണി കരിഞ്ഞിട്ടുണ്ടെന്ന
കാര്യം പണ്ടാരി അറിയുന്നത്.
എന്തു ചെയ്യും, ഒന്നും ചെയ്യാനില്ല,
ഒരു നിവൃത്തിയുമില്ലെന്നു കണ്ട ആ
പണ്ടാരി നേരെ അടുത്തു കണ്ട
കിണറ്റില്‍ ചെന്നു ചാടി,
കിണറ്റില്‍ എന്തോ വീഴുന്ന
ശബ്ദം കേട്ടതോടെ കല്യാണത്തിനു
വന്ന ആളുകള്‍ മുഴുവനും ആ
കിണറ്റിനു ചുറ്റും വട്ടം കൂടി.
പണ്ടാരിയെ രക്ഷിക്കാനായി
ആളുകള്‍ കയറിട്ടു കൊടുക്കുന്നു.
ചിലര്‍ കിണറ്റിലേക്ക് ഇറങ്ങുന്നു.
ചിലര്‍ ഫയര്‍ഫോഴ്സിനെ
വിളിക്കുന്നു...
'ഹേയ് ഫയര്‍ഫോഴ്സിനെയൊക്കെ
വിളിക്കാന്‍ വരട്ടെ, ഞാനെങ്ങനെയെങ്കിലും
കയറിക്കോളാം, നിങ്ങളാ ബിരിയാണി
ചെമ്പ് നോക്കിക്കോളിം'
കിണറ്റിനടിയില്‍ നിന്നും പണ്ടാരി ഇങ്ങനെ
ഉച്ഛത്തില്‍ വിളിച്ചു പറഞ്ഞപ്പോഴാണ് ബിരിയാണിച്ചെമ്പിന്റെ കാര്യം ആളുകള്‍
ഓര്‍ത്തത്, കുറച്ചു പേര് അങ്ങോട്ടും ഓടി.
ബിരിയാണി കരിഞ്ഞു പോയതില്‍ നിന്നും
ശ്രദ്ധ തിരിക്കാനുള്ള പണ്ടാരിയുടെ
തന്ത്രം ഫലിച്ചു. ഇനി 'ബിരിയാണി
കരിഞ്ഞല്ലോ' എന്നാരും പരാതിയും
പറയില്ല, ആ ബിരിയാണി
തന്നെ വിളമ്പുകയും ചെയ്യാം.
ഇതു പോലെ ചന്ദ്രിക പൂട്ടുന്നേ എന്നു
പറഞ്ഞ് ബിരിയാണിച്ചെമ്പില്‍ നിന്നും
ശ്രദ്ധ തിരിക്കാനാണ് ചിലരുടെ ശ്രമം,
'തന്നെ തീര്‍ക്കാന്‍ നടക്കുന്ന നേരത്ത്
ചന്ദ്രികയെ നോക്കിക്കോളിം' എന്നാണ്
ഉപദേശം. ഇന്ത്യന്‍ യൂണിയന് മുസ്ലിം
ലീഗ് പിറവി കൊള്ളും മുമ്പുണ്ടായ
പത്രമാണ് ചന്ദ്രിക, ആ ചന്ദ്രികക്ക് ഇത്ര
കാലം ജീവനുണ്ടായിരുന്നെങ്കില്, മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ അവസാനശ്വാസം
വരെ ആ ചന്ദ്രികക്കും ജീവനുണ്ടാകും.
ബിരിയാണി കരിഞ്ഞപ്പോള് പണ്ടാരി
പണിഞ്ഞ സൂത്രം ഇവിടെ നടക്കില്ല,
ക്ലിഫ് ഹൗസിലെത്തിയ ബിരിയാണിച്ചെമ്പിന്റെ
കഥ ജനമറിയട്ടെ. ഉപ്പു തിന്നവര്‍ വെള്ളം
കുടിക്കട്ടെ.
-
ചന്ദ്രികയിലെ പ്രതിസന്ധി തീര്‍ക്കാന്‍
ഞങ്ങളുടെ നേതാക്കന്മാര്ക്കറിയാം,
പാണക്കാട് മാത്രമല്ല, ചന്ദ്രികയിലും
ഞങ്ങള്‍ മേസ്തിരിമാരെ വെച്ചിട്ടില്ല.
കൂടെക്കൂടുന്നവര്‍ക്കൊക്കെ ശല്യമാണെന്ന്
കരുതി, മൂട്ടയെ കൊല്ലാന്‍ ഞങ്ങള്‍
പീരങ്കിയെടുക്കാറുമില്ല.
പിണറായി വിജയാ കാണിച്ചുതരാം; ഭീഷണിയുമായി പിസി ജോര്‍ജ്, 'പോലീസ് എന്റെ കാലില്‍ വീണു'