കെഎന്‍എ ഖാദറിനെതിരെ കടുത്ത നടപടിയുണ്ടാകില്ല; മയപ്പെടുത്തി ഖാദറും മുസ്ലിം ലീഗും
മലപ്പുറം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദറിനെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് സൂചന. ആദ്യ പ്രതികരണത്തില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് ഖാദര്‍ മറുപടി നല്‍കിയത്. തന്റെ ഭാഗത്ത് തെറ്റില്ല, ആര്‍എസ്എസ് പരിപാടിയില്‍ അല്ല പങ്കെടുത്തത്, സാംസ്‌കാരിക പരിപാടി എന്ന നിലയിലാണ് സംബന്ധിച്ചത്, സാദിഖലി തങ്ങല്‍ ഉള്‍പ്പെടെ സൗഹൃദ സംഗമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു എന്നിങ്ങനെയുള്ള പ്രതികരണമാണ് സംഭവം വിവാദമായ വേളയില്‍ ഖാദര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

എന്നാല്‍ പിന്നീട് വയനാട് നടന്ന പരിപാടിയില്‍ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളും ശേഷം എംകെ മുനീര്‍, മായിന്‍ ഹാജി, കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം ഉള്‍പ്പെടെയുള്ള നേതാക്കളും ഖാദറിനെ തള്ളുകയാണ് ചെയ്തത്. ആരെങ്കിലും ക്ഷണിച്ചാല്‍ വേഗം ചെന്ന് പരിപാടിയില്‍ പങ്കെടുക്കരുത്, ആരാണ് ക്ഷണിച്ചത് എന്ന് പരിശോധിക്കണമെന്നായിരുന്നു ഖാദറിനെ പരോക്ഷമായി സൂചിപ്പിച്ച് സാദിഖലി തങ്ങള്‍ പറഞ്ഞത്. സംഭവത്തിന്റെ ഗൗരവവും പാര്‍ട്ടിയില്‍ തനിക്കെതിരെ നിലനില്‍ക്കുന്ന അമര്‍ഷവും മനസിലാക്കിയാണ് ഖാദര്‍ പാര്‍ട്ടിക്ക് മറുപടി നല്‍കിയത്.
വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു എന്നാണ് വിവരം. തന്റെ പ്രവര്‍ത്തനം കാരണം പാര്‍ട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ സന്നദ്ധമാണ് എന്നും ഖാദര്‍ പറഞ്ഞുവത്രെ. മറ്റു മുതിര്‍ന്ന നേതാക്കളുമായും ഖാദര്‍ സംസാരിച്ചു. ഈ ഘട്ടത്തില്‍ കടുത്ത നടപടി മുസ്ലിം ലീഗ് നേതൃത്വം ഖാദറിനെതിരെ സ്വീകരിക്കില്ലെന്നാണ് വിവരം. ശാസനയോ താക്കീതോ നല്‍കി വിവാദം അവസാനിപ്പിച്ചേക്കും. നേതൃയോഗം ചേര്‍ന്ന് ഖാദര്‍ നല്‍കിയ മറുപടി ചര്‍ച്ച ചെയ്ത ശേഷമാകും തുടര്‍ നടപടി. സംസ്ഥാന സമിതിയില്‍ നിന്ന് ഖാദറിനെ നീക്കുമെന്ന് വരെ നേരത്തെ സൂചനകള്‍ വന്നിരുന്നു. പുതിയ സാഹചര്യത്തില്‍ അതുണ്ടാകില്ലെന്നാണ് വിവരം.
മുസ്ലിം ലീഗിന് ആര്‍എസ്എസുമായും ബിജെപിയുമായുമുള്ള അന്തര്‍ധാരയാണ് ഖാദറിന്റെ പ്രവൃത്തിയിലൂടെ തെളിഞ്ഞത് എന്നാണ് ഇടതുപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നത്. പഴയ കോലീബി സഖ്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന് തെളിവാണിതെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഇനിയും വിവാദം നിലനിര്‍ത്തുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്ക് ഇടയാക്കുമെന്ന് കണ്ട് സാഹചര്യം തണുപ്പിക്കാനാണ് മുസ്ലിം ലീഗ് നേതാക്കളില്‍ പലരും ആലോചിക്കുന്നതത്രെ. ഖാദറിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി നേതൃത്വം പ്രതികരിച്ചിരുന്നു. മുസ്ലിം ലീഗ് പുറത്താക്കിയാല്‍ ഖാദര്‍ അനാഥമാകില്ലെന്നാണ് എപി അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പറഞ്ഞത്.












Click it and Unblock the Notifications