ഗവര്‍ണര്‍ ആ പണി ചെയ്താല്‍ മതി; മതം പറയാന്‍ പണ്ഡിതന്മാരുണ്ട്, കടുത്ത ഭാഷയില്‍ കെപിഎ മജീദ്
മലപ്പുറം: ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത് അനാവശ്യ പ്രസ്താവനകളാണെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എംഎല്‍എ. മതവിശ്വാസമില്ലാത്ത വ്യക്തി മതകാര്യങ്ങളില്‍ അഭിപ്രായം പറയരുത്. ശരീഅത്ത് വിവാദമുണ്ടായ വേളയിലും മുസ്ലിങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. മതം പറയാന്‍ ഇവിടെ പണ്ഡിതന്‍മാരുണ്ട്. മതപരമായ ആചാരങ്ങള്‍ പാലിക്കാത്ത വ്യക്തി ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. സംഘപരിവാറിന്റെ താളത്തിനൊത്ത് തുള്ളുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നും കെപിഎ മജീദ് ആരോപിച്ചു.
സംഘപരിവാര്‍ ആശയങ്ങള്‍ക്ക് കേരളത്തില്‍ വില കിട്ടില്ല. കര്‍ണാടകയിലെ സര്‍ക്കാര്‍ ഹിജാബ് വിഷയത്തില്‍ ജനാധിപത്യ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനെ നിയപരമായും രാഷ്ട്രീയമായും നേരിടുന്നുണ്ട്. കേരളത്തില്‍ ഹിജാബ് വിഷയം ഇല്ല. കേരളത്തെ വര്‍ഗീയമായി തരംതിരിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട് ഇത്തരം ശ്രമങ്ങള്‍ നടത്തരുത്. കേരള ചരിത്രത്തില്‍ ഒരു ഗവര്‍ണറും രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെട്ടിട്ടില്ല. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത്. നിരന്തരം വിവാദമുണ്ടാക്കുകയാണ് അദ്ദേഹം എന്നും കെപിഎ മജീദ് പറഞ്ഞു.

സംഘപരിവാറിന്റെ താളത്തിനൊത്ത് തുള്ളുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പ്രവണത അദ്ദേഹം ഇതിന് മുമ്പും പ്രകടിപ്പിച്ചിട്ടുണ്ട്. സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പില്ല. ഭരണഘടനാ പദവിയില്‍ ഇരുന്ന് മതത്തെയും മതനിയമങ്ങളെയും വിമര്‍ശിക്കുന്ന നിലപാട് ആരിഫ് മുഹമ്മദ് ഖാന്‍ അവസാനിപ്പിക്കണമെന്നും കെപിഎ മദീദ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
'മതം പറയാന്‍ ഇവിടെ പണ്ഡിതന്മാരുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി. മത വിശ്വാസമില്ലാത്ത, മതാചാരങ്ങള്‍ പാലിക്കാത്ത വ്യക്തി മത നിയമങ്ങളില്‍ അഭിപ്രായം പറയുകയോ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല.
സംഘ്പരിവാറിന്റെ താളത്തിനൊത്ത് തുള്ളുകയും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത ഇതിനു മുമ്പും കേരള ഗവര്‍ണറില്‍നിന്ന് ഉണ്ടായിട്ടുണ്ട്. കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് കര്‍ണാകട സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ടുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ നിലവില്‍ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ മതേതര കേരളത്തെയും വര്‍ഗീയമായി തരംതിരിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേ വരെ ഒരു ഗവര്‍ണറും രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ നിരന്തരം വിവാദമുണ്ടാക്കുന്നത് ആരിഫ് മുഹമ്മദ് ഖാന്‍ പതിവാക്കിയിരിക്കുകയാണ്. സംഘ്പരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടപ്പില്ലെന്ന് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്. ഇസ്ലാമിക ശരീഅത്തിനെതിരായ കാമ്പയിനില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരെ നിലകൊണ്ട വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍.
ഹിജാബ് വിഷയം മുതലെടുത്ത് ഈ ചരിത്രം ആവര്‍ത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരുന്ന് കൊണ്ട് മതത്തെയും മതനിയമങ്ങളെയും വിമര്‍ശിക്കുന്ന നിലപാട് ഗവര്‍ണര്‍ അവസാനിപ്പിക്കണം. എല്ലാ മതങ്ങളെയും മതാചാരങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്.'












Click it and Unblock the Notifications