Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടകള്‍ കൊല നടത്തി വീരവാദം മുഴക്കുന്നു; എല്ലാം പിണറായി ആയതുകൊണ്ടെന്ന് മുസ്ലിം ലീഗ്

മലപ്പുറം: കേരളം ഗുണ്ടകളുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറിയെന്ന് മുസ്ലിം ലീഗ്. കൊലപാതകം നടത്തി പോലീസ് സ്‌റ്റേഷനിലെത്തി വീരവാദം മുഴക്കാന്‍ ഗുണ്ടയ്ക്ക് ധൈര്യം വന്നത് കേരളം പിണറായി വിജയന്‍ ഭരിക്കുന്നത് കൊണ്ടു മാത്രമാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി. ഷാന്‍ ബാബുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണെന്നും അദ്ദേഹം ആരോപിച്ചു.

ഗുണ്ടകളെ തീറ്റിപ്പോറ്റുന്നു. പാര്‍ട്ടിക്ക് ആവശ്യമുള്ളപ്പോള്‍ ജയിലിലുള്ളവരെ ഇറക്കി കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കാനാണ് പിണറായി ആഭ്യന്തര വകുപ്പ് ഒഴിയാതിരിക്കുന്നത്. മകനെ തട്ടിക്കൊണ്ടുപോയി എന്ന് എല്ലാ വിവരങ്ങളും ചേര്‍ത്ത് സ്ത്രീ പരാതി പറഞ്ഞിട്ടും പോലീസ് അനങ്ങിയില്ല. കാപ്പ ചുമത്തപ്പെട്ട വ്യക്തിയാണ് പ്രതി. ഇത്തരക്കാര്‍ യഥേഷ്ടം നാട്ടിലിറങ്ങി കുറ്റകൃത്യം ചെയ്യുന്നു. ടിപി വധക്കേസിലെ പ്രതി മയക്കുമരുന്ന് വിതരണം ചെയ്ത പരിപാടിയില്‍ പങ്കെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണ്ടകളെ കയറൂരി വിടുന്ന സിപിഎമ്മും സര്‍ക്കാരുമാണ് ഇതിന് ഉത്തരവാദിയെന്നും പിഎംഎ സലാം ആരോപിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...

p

എല്‍.ഡി.എഫ് ഭരണത്തില്‍ കേരളം ഗുണ്ടകളുടെ പറുദീസയായിരിക്കുകയാണ്. കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാവിന് ഒരു പ്രയാസവുമില്ലാതെ ഒരാളെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനിലെത്തി വീരവാദം മുഴക്കാനുള്ള ധൈര്യമുണ്ടായത് കേരളം ഭരിക്കുന്നത് പിണറായി വിജയന്‍ ആയത് കൊണ്ട് മാത്രമാണ്. ഷാന്‍ ബാബുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും തീറ്റിപ്പോറ്റാനും ജയിലിലുള്ളവരെ പാര്‍ട്ടിക്ക് ആവശ്യമുള്ളപ്പോള്‍ ഇറക്കിവിട്ട് വീണ്ടും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കാനുമാണ് പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ പിടിവിടാത്തതെന്ന് കേരളത്തിന് ബോധ്യമായിട്ടുണ്ട്.

സ്വന്തം മകനെ ഗുണ്ടാ നേതാവ് തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് പേരും വിവരങ്ങളും സഹിതം പാവപ്പെട്ട ഒരു സ്ത്രീ പരാതി പറഞ്ഞിട്ടും പോലീസ് അനങ്ങിയില്ല എന്നത് ഗൗരവമുള്ള കാര്യമാണ്. കാപ്പ ചുമത്തപ്പെട്ട ഒരാള്‍ക്ക് യഥേഷ്ടം നാട്ടിലിറങ്ങി കുറ്റകൃത്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഗുണ്ടകളെ കയറൂരി വിടുന്ന സി.പി.എമ്മും സര്‍ക്കാരുമാണ് ഈ ദുരവസ്ഥക്ക് കാരണം.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പരോളിലിറങ്ങി ലഹരിമരുന്ന് പാര്‍ട്ടി നടത്തിയത് കഴിഞ്ഞ ആഴ്ചയാണ്. കേരളം ഗുണ്ടകള്‍ക്ക് ഒരു കൂസലുമില്ലാതെ വിലസാനുള്ള നാടായി മാറിയിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ഗുണ്ടകളുടെ സംരക്ഷകരായി മാറിയിരിക്കുന്നു. ഇത്രയും ഭീകരമായ സ്ഥിതിവിശേഷം ഇതിനു മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. ഗുണ്ടകളെ നിലക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറായില്ലെങ്കില്‍ ജനം സര്‍ക്കാരിനെ വേണ്ടപോലെ കൈകാര്യം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+