പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നാളെ; മലപ്പുറത്ത് പൊതുദര്‍ശനം
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് ഖബറടക്കം നാളെ. തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയിലാണ് ഖബറടക്കുക. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് തങ്ങള്‍ മരിച്ചത്. മൃതദേഹം വൈകീട്ട് മലപ്പുറത്തേക്ക് കൊണ്ടുവരും. മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹൈദരലി തങ്ങള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും വിദഗ്ധ ചികില്‍സ നല്‍കിയതും. ശേഷം ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വേളയിലാണ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഹൈദരലി തങ്ങള്‍ അങ്കമാലിയിലെ ആശുപത്രിയിലായിരുന്നു. തങ്ങള്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന് ശനിയാഴ്ച രാത്രി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആശങ്കപ്പെടേണ്ടതില്ല എന്ന് കുടുംബവും മുസ്ലിം ലീഗ് നേതാക്കളും പ്രതികരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധയൂന്നിയുള്ള സമീപനമാണ് പാണക്കാട് ഹൈദരലി തങ്ങള്‍ സ്വീകരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. മതേതര കാഴ്ചപ്പാട് ഉയര്‍ത്തി പിടിച്ച വലിയ നേതാവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രസ്ഥാനത്തിന്റെ ശക്തി ചോര്‍ന്നു എന്നാണ് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ എംഎല്‍എ പ്രതികരിച്ചത്. മുസ്ലിം ലീഗിന് മാത്രമല്ല, എല്ലാ രാഷ്ട്ര-മത വിഭാഗങ്ങള്‍ക്കും വേണ്ടപ്പെട്ടയാളായിരുന്നു എന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി അനുസ്മരിച്ചു.
പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞി ബീവിയുടേയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15നാണ് ഹൈദരലി ശിഹാബ് തങ്ങള്‍ ജനിച്ചത്. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരെ കൂടാതെ സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരും ഹൈദരലി തങ്ങളുടെ സഹോദരന്‍മാരാണ്. കോഴിക്കോട് എംഎം ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയത് 1975ലാണ്. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃത്വ പദവി ഒരേസമയം വഹിച്ചിരുന്ന ഹൈദരലി തങ്ങള്‍ ഏത് കാര്യത്തിലും കര്‍ക്കശ നിലപാടുകാരനായിരുന്നു. ശരീഫ ഫാത്തിമ സുഹ്‌റയാണ് ഭാര്യ. യൂത്ത് ലീഗ് നേതാവ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ നാല് മക്കളുണ്ട്.












Click it and Unblock the Notifications