വിജയത്തിളക്കത്തിനിടെ അമ്പരന്ന് മുസ്ലിം ലീഗ്; നഷ്ടമായത് 8 പഞ്ചായത്തുകള്‍, റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മാനം കാത്ത പ്രകടനം കാഴ്ചവച്ചത് മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗാണ്. മികച്ച പ്രകടനമാണ് മലബാറില്‍ മുസ്ലിം ലീഗ് നടത്തിയത്. എങ്കിലും മുസ്ലിം ലീഗ് നേതൃത്വത്തെ ഞെട്ടിച്ച സംഭവവും മലപ്പുറത്തുണ്ടായി. എട്ട് പഞ്ചായത്തുകളില്‍ ലീഗിന് ഭരണം നഷ്ടമായി. അതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുകയാണ് ലീഗ് നേതൃത്വം. ഇക്കാര്യം പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചു. ജില്ലാ ഭാരവാഹികള്‍ അടങ്ങുന്ന സമിതി ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

വെട്ടം, പെരുമ്പടപ്പ്, വെളിയങ്കോട്, ആലങ്കോട്, പുളിക്കല്‍, മമ്പാട്, എടവണ്ണ, താഴേക്കോട് എന്നീ പഞ്ചായത്തുകളുടെ ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. എടവണ്ണ പഞ്ചായത്ത് ഭരണം 20 വര്‍ഷത്തിന് ശേഷം എല്‍ഡിഎഫ് പിടിച്ചു. വിമത നീക്കമാണോ ഭരണം നഷ്ടമാകാന്‍ കാരണം എന്ന് ലീഗ് പരിശോധിക്കും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ വിമതര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.
നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയുടെ ഭരണം യുഡിഎഫിന് നഷ്ടമായതും ഏറെ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് ഭരണം നഷ്ടമാകാന്‍ ഇടയാക്കിയത് എന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യവും പുതിയ സമിതി പരിശോധിക്കും. നിലമ്പൂരില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ മുസ്ലിം ലീഗിന് സാധിച്ചില്ല. ഇതാണ് നേതൃത്വത്തെ ഏറെ അസ്വസ്ഥമാക്കുന്നത്. കഴിഞ്ഞ തവണ ഒമ്പത് സീറ്റുണ്ടായിരുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ മാത്രം തോല്‍പ്പിക്കാന്‍ ശ്രമം നടന്നോ എന്ന കാര്യവും നിലമ്പൂരില്‍ പരിശോധിക്കും.












Click it and Unblock the Notifications