മലപ്പുറത്തെ നബിദിന ഘോഷയാത്രക്ക് ബിജെപിയുടെ സ്വീകരണം നാടെങ്ങും വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു
മലപ്പുറം: 1493-ാം നബിദിനത്തോടനുബന്ധിച്ച് മലപ്പുറം പൊന്നാനിയില്‍ നടന്ന നബിദിനറാലിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. തെയ്യങ്ങാട് ഹിദായത്തുല്‍ ഇസ്ലാം മദ്രസ സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്കാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്വീകരണം നല്‍കിയത്. സ്ഥലം വാര്‍ഡ് കൗണ്‍സിലറായ ബി ജെ പി നേതാവാണ് നേതൃത്വം നല്‍കി മാതൃകയായത്.
നബിദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന നബിദിന സ്‌നേഹറാലി പ്രൗഢമായി. എം.എസ്.പി പരിസരത്തു നിന്ന് ശറഫുദ്ധീന്‍ ജമലുല്ലൈലി ചേളാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലി സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. ബഹുസ്വര സമൂഹത്തില്‍ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചക മാതൃകകള്‍, കാര്‍ഷിക രംഗത്തെ പ്രവാചകാധ്യാപനങ്ങള്‍ മത ദര്‍ശനങ്ങളുടെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന്റെ നിരര്‍ത്ഥകത എന്നിവ വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങള്‍ റാലിയെ ശ്രദ്ധേയമാക്കി.
വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും ഹദീസിലെ പൊരുളുകളും ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണാധ്യായങ്ങളും മുദ്രണം ചെയ്ത പ്ലക്കാര്‍ഡുകളും ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദ്ദത്തിന്റെ അനിവാര്യത എന്നിവയുള്‍ക്കൊള്ളുന്ന ഡിസ്‌പ്ലേകളും റാലിയെ വ്യത്യസ്തമാക്കി. 20 മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും അണിനിരന്നു.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂ ഹനീഫല്‍ ഫൈസി തെന്നല, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍മാരായ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി, മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, എസ്.എം.എ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി തിരൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുഹാജി വേങ്ങര, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി നേതൃത്വം നല്‍കി.
വിവിധസ്ഥലങ്ങളില്‍ ഒരുക്കിയ മഅ്ദിന്‍ തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജ്ജ് വിദ്യാര്‍ത്ഥികളുടെ മീലാദ് പാട്ടുവണ്ടി ശ്രദ്ധേയമായി, പുലര്‍ച്ചെ നാലിന് മഅ്ദിന്‍ ഗ്രാന്റ്മസ്ജിദില്‍ മൗലിദ് പാരായണവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.












Click it and Unblock the Notifications