ചരിത്ര നിയോഗം പോലെ സുധീഷ്; സത്യപ്രതിജ്ഞ ചെയ്തു, പ്രഥമ ലക്ഷ്യങ്ങള്‍ ഇങ്ങനെ
മലപ്പുറം: ചോലനായ്കര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജനപ്രതിനിധി സി സുധീഷ് സത്യപ്രതിജ്ഞ ചെയ്തു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വഴിക്കടവ് ഡിവിഷനില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കുകയാണ് സുധീഷിന്റെ ലക്ഷ്യം. സത്യപ്രതിജ്ഞക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിക്കടവ് അങ്ങാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലെ കോളനിയിലാണ് സുധീഷിന്റെ വീട്.

വഴിക്കടവ് ഡിവിഷന്‍ സംവരണമായതോടെയാണ് സുധീഷ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായത്. തന്നെ പരിഗണിച്ച ഇടതുപക്ഷത്തിന് സുധീഷ് നന്ദി പറഞ്ഞു. കോളനിയില്‍ കുടിവെള്ളമെത്തിക്കുക, കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക, പുഞ്ചക്കൊല്ലി പുഴക്ക് കുറുകെ പാലം നിര്‍മിക്കുക, ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി ലഭ്യമാക്കുക, കോളനിയിലേക്ക് റോഡ് വെട്ടുക, വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുക എന്ന് സുധീഷ് പറഞ്ഞു.
ഏഷ്യയില്‍ തന്നെ അപൂര്‍വ ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ പെട്ടയാളാണ് സുധീഷ്. ഈ വിഭാഗത്തില്‍ നിന്ന് പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. 21 വയസ് കഴിഞ്ഞ സുധീഷ് പ്ലസ് ടു വിജയിച്ചിട്ടുണ്ട്. അടുത്ത കാലം വരെ ഗുഹകളില്‍ മാത്രമായിരുന്നു ചോലനായ്ക്കര്‍ സമൂഹം താസമിച്ചിരുന്നത്. മറ്റു ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ വേറിട്ട ജീവിത രീതി പുലര്‍ത്തിവരുന്നവരാണ് ഇവര്‍. സുധീഷിന്റെ കോളനിയിലേക്ക് യാത്രാ മാര്‍ഗമില്ല. വികസനം എത്തിയിട്ടുമില്ല. എല്ലാത്തിനും മാറ്റം വേണമെന്ന തോന്നലില്‍ നിന്നാണ് സുധീഷ് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications