പാണക്കാട്ടെ കുട്ടികളെ ഒരാളും തൊടില്ല; ആ പൂതി മനസിലിരിക്കട്ടെ എന്ന് കെടി ജലീല്‍
മലപ്പുറം: യൂത്ത് ലീഗ് നേതാവ് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്ക് നേരെ ഭീഷണി ഉയര്‍ന്ന സംഭവം പോലീസ് കേസായതിന് പിന്നാലെ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ. പാണക്കാട് തങ്ങന്മാരില്‍ ഒരാളെ വീല്‍ചെയറിലിരുത്തുമെന്ന ഭീഷണി ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ലെന്ന് ജലീല്‍ വ്യക്തമാക്കി.
ആരാണ് വീല്‍ചെയറിലാകുന്നതെന്ന് കാത്തിരുന്നു കാണാം. മുഈനലി തങ്ങളുടെ ഫോട്ടോ മാത്രം പാണക്കാട് ഖാസി ഫൗണ്ടേഷനില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മുഈനലിക്കെതിരെ ഭീഷണി ഉയര്‍ന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നേതാക്കള്‍ മൗനം പാലിക്കുന്നത് അമ്പരപ്പുണ്ടാക്കിയെന്നും കെടി ജലീല്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

'' ആ പൂതി മനസ്സിലിരിക്കട്ടെ!
എല്ലാവരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് പാണക്കാട് തങ്ങന്‍മാര്‍. ആ മഹനീയ പൈതൃകം പാണക്കാട് കുടുംബത്തിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അവരില്‍ ഒരാളാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. മണ്‍മറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇളയ മകന്‍.
പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ല. ഗുരുത്വക്കേട് തട്ടി വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാം. പാണക്കാട് കുടുംബത്തില്‍ ഹൈദരലി തങ്ങളുടെ മക്കള്‍ക്ക് മാത്രം മഹത്വമില്ലെന്നാണ് 'പൈതൃകവാദി'കളുടെ പക്ഷമെങ്കില്‍ ആ പക്ഷത്ത് നില്‍ക്കാന്‍ തലച്ചോറുള്ള ആരെയും കിട്ടില്ല.
മുഈനലി തങ്ങളും പള്ളികളുടെ ഖാസി സ്ഥാനം അലങ്കരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോ മാത്രം 'പാണക്കാട് ഖാസി ഫൗണ്ടേഷനില്‍' നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് സംഘാടകര്‍ വ്യക്തമാക്കണം. ഹസന്‍ (റ) വിനും ഹുസൈന്‍ (റ) വിനും ഇടയില്‍ വ്യത്യാസം കല്‍പ്പിക്കുന്നവര്‍ യഥാര്‍ത്ഥ പ്രവാചക സ്‌നേഹികളാണോ?
പാണക്കാട്ടെ മുഈനലി തങ്ങളെ വീല്‍ചെയറിലാക്കും എന്ന് ഏതോ ഒരു അധമന്‍ പുലമ്പിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ 'പാണക്കാട് പൈതൃകം' ആഘോഷിച്ചവരെയും, പാണക്കാട്ടെ തങ്ങന്‍മാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും, തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണ്.
പാണക്കാട് തങ്ങന്‍മാരില്‍ ഒരാള്‍ക്കെതിരെയും വധഭീഷണി ഉയര്‍ത്താന്‍ ഒരാളും ഇന്നോളം തയ്യാറായിട്ടില്ല. എന്നിരിക്കെ മുഈനലി തങ്ങള്‍ക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഞങ്ങളെയൊക്കെ വീല്‍ചെയറിലാക്കിയേ സയ്യിദ് മുഈനലി തങ്ങളെ വീല്‍ചെയറിലാക്കാന്‍ ഏതൊരുത്തനും സാധിക്കൂ. ഫോണില്‍ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അതു മറക്കണ്ട. പാണക്കാട് മുഈനലി തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം''.












Click it and Unblock the Notifications