പാണ്ടിക്കാട് പോക്സോ കേസ്; പെണ്‍കുട്ടിക്ക് ചികില്‍സ നല്‍കും, മൂന്ന് പേര് കൂടി അറസ്റ്റില്‍
മലപ്പുറം: പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി വീണ്ടും ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് പേര് കൂടി അറസ്റ്റല്‍. കേസില്‍ 44 പ്രതികളാണുള്ളത്. ഇതുവരെ അറസ്റ്റ് ചെയ്തത് 24 പേരെയാണ്. ബാക്കിയുള്ളവരെ വൈകാതെ പിടികൂടുമെന്ന് വണ്ടൂര്‍ പോലീസ് അറിയിച്ചു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മലപ്പുറം പാണ്ടിക്കാടുള്ള പെണ്‍കുട്ടിക്കാണ് നിരവധി പേരുടെ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. പാണ്ടിക്കാട് സര്‍ക്കാരിന്റെ സുരക്ഷിത കേന്ദ്രത്തിലായിരുന്നു പെണ്‍കുട്ടി. ആദ്യം പീഡനത്തിന് ഇരയായത് 13ാം വയസിലാണ്. അന്ന് പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നു. രണ്ടാംതവണ പീഡനത്തിന് ഇരയായതോടെ ശിശു ഭവനിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ബന്ധുക്കളുടെ ആവശ്യം കണക്കിലെടുത്ത് കുട്ടിയെ വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു. പിന്നീടും പീഡനത്തിന് ഇരയാകുകയായിരുന്നു.
എട്ട് മാസത്തിനിടെ നിരവധി പേര് പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കൂടുതല്‍ പോലെ പോലീസ് ചോദ്യം ചെയ്തേക്കും. പെണ്‍കുട്ടിക്ക് വിദഗ്ധ ചികില്‍സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശിശു ക്ഷേമ സമിതി ഇതിന് അനുമതി നല്‍കിയേക്കും. ഏറ്റവും ഒടുവില്‍ വീട്ടിലേക്ക് മടങ്ങിയ ശേഷം അഞ്ചു തവണ പീഡനത്തിന് ഇരയായി എന്നാണ് കരുതപ്പെടുന്നത്. ജില്ലാ ശിശു ക്ഷേമ സമിതിക്ക് മുമ്പാകെ പെണ്‍കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് വിവരം പോലീസിന് കൈമാറിയതും നിരവധി പേരെ അറസ്റ്റ് ചെയ്തതും.