പൊന്നാനിയില്‍ പ്രകടനം നടത്തിയത് സിപിഎമ്മുകാരല്ലെന്ന് നേതൃത്വം; പാര്‍ട്ടി അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി
മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ പൊന്നാനി മണ്ഡലത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്ന് സിപിഎം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. പത്താം തിയ്യതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. അന്ന് എല്ലാവരും ഒറ്റക്കെട്ടാകും. പൊന്നാനിയിലെ പ്രകടനത്തിന്റെ പിന്നിലെ കാരണം എന്താണ് എന്ന് അന്വേഷിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള സിപിഎമ്മിലെ തര്‍ക്കം തെരുവിലേക്ക് എത്തുന്ന കാഴ്ചയാണ് പൊന്നാനിയില്‍ ഇന്ന് കണ്ടത്. പാര്‍ട്ടി തീരുമാനത്തിനെതിരെ നിരവധി പേര് തെരുവിലിറങ്ങി. സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ പൊന്നാനിയില്‍ പ്രകടനം നടത്തി. പാര്‍ട്ടിയുടെ ആലോചനയിലുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നും പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ട സ്ഥാനാര്‍ഥി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി പരസ്യമായി ജനങ്ങള്‍ റോഡിലിറങ്ങുന്നത്.
കേരളത്തില്‍ ഇടതുതരംഗം തന്നെ; യുഡിഎഫിന് 56 സീറ്റ്, ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വെ ഫലം
രണ്ടുതവണ മല്‍സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പി ശ്രീരാമകൃഷ്ണന് മല്‍സര രംഗത്ത് നിന്ന് ഒഴിഞ്ഞത്. പകരം സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖ് എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്തത്. സിദ്ദിഖിന് വേണ്ടി ഒരു കൂട്ടം തെരുവിലിറങ്ങുകയായിരുന്നു. പാര്‍ട്ടി കൊടികളും ബാനറുകളും പിടിച്ചായിരുന്നു പ്രതിഷേധം. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തുമെന്നായിരുന്നു മുദ്രാവാക്യം.
ശ്രീരാമകൃഷ്ണന് മാറുമ്പോള്‍ സിദ്ദിഖ് സ്ഥാനാര്‍ഥിയാകണമെന്നാണ് പൊന്നിനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു എന്നാണ് വിവരം.