മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശ്രയമില്ലാത്ത പത്തു കുടുംബങ്ങള്‍ക്ക് വീടൊരുക്കി പെരിന്തല്‍മണ്ണ നഗരസഭ, ഈകുടുംബങ്ങള്‍ താമസിച്ചിരുന്നത് പൊട്ടിപൊളിഞ്ഞ വാടക വീടുകളിലും, ഷീറ്റ് മേഞ്ഞ പുറം പോക്കിലും

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആരെയും ആശ്രയിക്കാനില്ലാത്തവര്‍ ക്കായുള്ള ആശ്രയ പദ്ധതിയിലെ ഭവനരഹിതരായ 10 കുടുംബങ്ങള്‍ക്ക് പെരിന്തല്‍മണ്ണ നഗരസഭയുടെ അധീനതയിലുള്ള കാഞ്ഞിരക്കുന്നിലെ 50 സെന്റ് സ്ഥലത്ത് മിനി ഭവനസമുച്ചയമൊരുക്കി പുനരധിവാസം നല്‍കി നഗരസഭ വേറിട്ട മാതൃകയായി. ആശ്രയമില്ലാത്ത വിധവകളും, കുട്ടികളും വയോജനങ്ങളും, ഭിന്നശേഷിക്കാരു മടങ്ങുന്ന ഈ പത്തു കുടുംബങ്ങളും പൊട്ടിപൊളിഞ്ഞ വാടക വീടുകളിലും, ഷീറ്റ് മേഞ്ഞപുറം പോക്കിലുമായി ജീവിതത്തിന്റെ നല്ലൊരു ഭാഗം പിന്നിട്ടവരാണ്. തല ചായ്ക്കാന്‍ സ്വന്തമായെരിടമെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷ പലര്‍ക്കുമില്ലായിരുന്നു. ഈ സ്വപ്നങ്ങള്‍ നിറം പകര്‍ന്നു കൊണ്ടാണ് നഗരസഭയുടെ സാന്ത്വന സ്പര്‍ശം ഇവരെ തേടിയെത്തിയത്.

നാലുഭവനങ്ങടങ്ങുന്ന മൂന്ന് ഭവനസമുച്ചയത്തിലായി 12 വീടുകളാണ് ഇവര്‍ക്കായി ഒരുക്കിയത്. ഒരു ബെഡ് റൂം, ഹാള്‍, അടുക്കള, ടോയ് ലറ്റ് എന്നീ സൗകര്യങ്ങളുള്ള 400 സ്‌ക്വയര്‍ ഫീറ്റാണ് ഒരു ഭവനം. സ്ഥലത്തിന്റെ വിലയടക്കം 1.55 കോടി രൂപ ചെലവിലാണ് നഗരസഭ മിനി ഭവന സമുച്ചയം പട്ടികജാതി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പണിത് പൂര്‍ത്തിയാക്കി ആശ്രയ ഗുണഭോക്താക്കളായ 10 കുടുംബങ്ങള്‍ക്ക് കൈമാറി ഗൃഹപ്രവേശം നടത്തിയത്. ഗൃഹപ്രവേശ ചടങ്ങില്‍ ഹൃദയഹാരിയായ ഒന്നായിരുന്നു കാഴ്ച്ച ശേഷിയില്ലാത്ത ദമ്പതികള്‍ക്ക് ഭവനത്തിന്റെ താക്കോല്‍ നല്‍കിയത്. പെരിന്തല്‍മണ്ണ മാനത്ത് മംഗലം താമരത്ത് കോളനിയിലെ പരേതനായ നീലകണ്ഠന്റെ മകള്‍ താമരത്ത് ചക്കിയ്ക്കും ഭര്‍ത്താവ് ഏലിയാസ് ഇല്ലിചാലിലിനുമാണ് ഇതോടെ തല ചായ്ക്കാന്‍ ഒരിടം ലഭിച്ചത്. രണ്ട് പേരും ജന്മനാ കാഴ്ച ശേഷിയില്ലാത്തവരാണ്. ബ്ലൈന്‍ഡ് ഫെഡറേഷന്‍ ഭാരവാഹികളാണ് വീടില്ലാതെ പലയിടങ്ങളിലായി അന്തിയുറങ്ങേണ്ടി വരുന്ന ഈ ദമ്പതികളുടെ ജീവിത പ്രയാസം ഒരു ചടങ്ങില്‍ വെച്ച് നഗരസഭ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

housemaking-

അച്ഛന്റെയും, അമ്മയുടെയും മരണത്തോടെ 2016 ഏപ്രിലില്‍ ആണ് പെരിന്തല്‍മണ്ണ സ്വദേശിനി 40 കാരിയായ താമരത്ത് ചക്കി അരീക്കോട് കീഴുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കാഴ്ചയില്ലാത്തവര്‍ക്കു വേണ്ടിയുള്ള അഗതിമന്ദിരത്തില്‍ എത്തിയത്. ഇതേ സമയത്ത് തന്നെയാണ് താമരശ്ശേരി മയിലള്ളാംപാറ സ്വദേശി 43 കാരനായ ഏലിയാസ് ഇല്ലിചാലില്‍ മലയോര പ്രദേശത്തുള്ള വീട്ടിലെ യാത്രാ അസൗകര്യങ്ങള്‍ കാരണം ഈ അഗതിമന്ദിരത്തിലെത്തുകയും രണ്ട് പേരും പരിചയപെടുകയും ചെയ്യുന്നത്. തുടര്‍ന്ന് രണ്ട് പേരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും 2017 ഒകേ്ടാബര്‍ 22 ന് കാഴ്ച്ചയില്ലാത്തവര്‍ക്ക് ജീവിത പങ്കാളികളെ കണ്ടെത്തി വിവാഹം നടത്തി കൊടുക്കുന്ന ഗുരുവായൂരിലെ കാരുണ്യ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ വിവാഹ ചടങ്ങില്‍ വെച്ച് ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷം തെരുവില്‍ പാട്ടു പാടിയും ലോട്ടറി കച്ചവടം നടത്തിയുമാണ് പെരിന്തല്‍മണ്ണയിലും, മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായും ഇവര്‍ കഴിഞ്ഞുകൂടുന്നത്.

മലയാളത്തില്‍ ബിരുദമുള്ള ഏലിയാസ് സ്‌പോകണ്‍ ഇംഗ്ലീഷില്‍ വിവിധ കോഴ്‌സുകള്‍ പാസായിട്ടുണ്ട്. ഏഴാം ക്ലാസുവരെ ദീപാലയ ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിച്ച ചക്കിക്ക് ചവിട്ടി നിര്‍മാണം, ചന്ദന തിരി നിര്‍മാണം എന്നിവയില്‍ പ്രാവീണ്യം ഉണ്ട്. നഗരസഭയുടെ സ്‌നേഹത്തണലില്‍ തല ചായ്ക്കാന്‍ ഇടം ലഭിച്ച ഇരുവരും സന്തോഷത്തിലാണ്. ഒരു കേന്ദ്രത്തിലിരുന്ന് ജോലി ചെയ്യാനാവണം എന്നതാണ് പുനരധിവാസം പൂര്‍ത്തിയാവാന്‍ ഇവര്‍ക്കു വേണ്ടത്. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച രൂപത്തില്‍ ഇംഗ്ലീഷും മലയാളവും ട്യൂഷന്‍ എടുക്കാന്‍ ഏലിയാസിനു കഴിയും. ചവിട്ടി - ചന്ദനതിരി നിര്‍മാണത്തിന് ചക്കിയും തയ്യാറാണ്. ഇവര്‍ക്കിഷ്ടപ്പെട്ട ഈ ജോലിയില്‍ ഏര്‍പ്പെടുത്തണം. ഗൃഹപ്രവേശം, താക്കോല്‍ നല്‍കി ചെയര്‍മാന്‍ എം.മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ് അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റ് താലൂക്ക് പ്രസിഡന്റ് പി.രവീന്ദ്രന്‍ മുഖ്യ അതിഥിയായി. കെ.സി.മൊയ്തീന്‍ കുട്ടി, പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടില്‍, കിഴിശ്ശേരി മുസ്തഫ, താമരത്ത് ഉസ്മാന്‍ പ്രസംഗിച്ചു.

Malappuram
English summary
perinthalmanna corporation make houses for people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X