ലെസ്ബിയൻ പങ്കാളിയെ വീട്ടുകാർ തടഞ്ഞുവെച്ചെന്ന് പരാതി; കേസെടുത്ത് കൊണ്ടോട്ടി പോലീസ്
മലപ്പുറം: ലെസ്ബിയൻ ദമ്പതികളിൽ പങ്കാളിയെ ബലപ്രയോഗത്തിലൂടെ കുടുംബം തടഞ്ഞുവെച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി നൽകിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹഫീഫയാണ് സുമയ്യയുടെ പങ്കാളി. കൊണ്ടോട്ടി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഹഫീഫയുടെ കുടുംബത്തോട് സ്റ്റേഷനിൽ ഹാജരാകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹഫീഫയെ കുടുംബം തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന് ആരോപിച്ച് സുമയ്യ ഷരീഫ് നേരത്തെ ഹേബിയസ് കോർപസ് ഹർജി നൽകിയിരുന്നു. വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻറെ പിന്തുണയോടെ ആണ് തടവിൽ വെച്ചിരിക്കുന്നത് എന്ന് പരാതിയിൽ പറഞ്ഞിരുന്നു.

PC: ScreenGrab
ഹഫീഫ നേരിടുന്നത് കടുത്ത ശാരീരിക- മാനസീക പീഡനം ആണെന്നും സുമയ്യപറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ 19ാം തീയതി കോടതിയിൽ ഹാജരായ ഹഫീഫ കുടുംബത്തോടൊപ്പം പോകാനാണ് താല്പര്യം എന്ന് അറിയിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ഹഫീഫ മൊഴി മാറ്റിയത് എന്നാണ് സുമയ്യ പറയുന്നത്. ഹഫീഫയെ കുടുംബം തടഞ്ഞു വെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൺ സ്റ്റോപ്പ് സെൻററിൽ നിന്നുളളവരും മറ്റു സംഘടനകളും പ്രശ്നത്തിൽ ഇടപെട്ടത്. ഇവർക്കാപ്പം സുമയ്യയെ കാണാനായി ഹഫീഫ കാറിൽ കയറുന്നത് പിതാവും മാതാവും ഉൾപ്പെടെ ഉള്ളവർ തടയുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.
അതേസമയം, സുമയ്യ ഷെറിനും ഹഫീഫയും തമ്മിൽ രണ്ട് വർഷമായി സൗഹൃദത്തിലായിരുന്നു. ജനുവരി 27ന് ആണ് ഇരുവരും വീട് വിട്ട് ഒരുമിച്ച് താസമിക്കാൻ തുടങ്ങിയത്. തൊട്ടുപിന്നാലെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന് പരാതി നൽകി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയ ഹാജരായി.
പ്രായപൂർത്തി ആയതിനാൽ സ്വന്തം ഇഷ്ട പ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി കോടതിയിൽ നിന്ന് ഇവർ വാങ്ങി. എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്ത് ഒരുമിച്ച് കഴിയുകയായിരുന്നു. മേയ് 30ന് ആണ് വീട്ടുകാരെത്തി ഹഫീഫയെ ബലമായി കൊണ്ടുപോയതെന്ന് സുമയ്യ ആരോപിച്ചിരുന്നു.












Click it and Unblock the Notifications