മലപ്പുറത്തും കണ്ണൂരിലും എന്‍ഐഎ പരിശോധന; പഴയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍...
മലപ്പുറം: ജില്ലയില്‍ നാലിടങ്ങൡ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥരുടെ പരിശോധന. പഴയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലാണ് ഒരേ സമയം അന്വേഷണ സംഘം എത്തിയത്. രാവിലെ തുടങ്ങിയ പരിശോധന ഏറെ നേരം തുടര്‍ന്നു. വേങ്ങരയിലെ വീട്ടില്‍ എന്‍ഐഎ സംഘമെത്തിയെങ്കിലും കുടുംബം അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് വിശദ പരിശോധന നടത്താതെ മടങ്ങി എന്നാണ് വിവരം.
വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ഹനീഫ, തിരുനാവായ രാങ്ങാട്ടൂര്‍ ജാഫര്‍ എന്നിവരുടെ വീടുകളാണ് പരിശോധനയ്ക്ക് എന്‍ഐഎ സംഘമെത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, കണ്ണൂരിലും ഇന്ന് റെയ്ഡ് നടന്നു. പള്ളിപ്പുറം, കണ്ണൂര്‍ സിറ്റി, കൊടപ്പറമ്പ് എന്നിവിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് പേരുടെ വീടുകളിലായിരുന്നു പരിശോധന. പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് രാവിലെ പത്ത് മണിയോടെ അവസാനിച്ചു. രേഖകള്‍ പിടിച്ചെടുത്തിട്ടില്ല എന്നാണ് വിവരം. കൊച്ചി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മഞ്ചേരി കാരപ്പറമ്പിലെ ഗ്രീന്‍വാലി എന്ന സ്ഥാപനത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നിടമാണിത്. ഗ്രീന്‍വാലി എന്‍ഐഎ കണ്ടുകെട്ടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ വസ്തു ഇനി ക്രയവിക്രയം ചെയ്യാന്‍ സാധിക്കില്ല.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പല സ്ഥാപനങ്ങളും എന്‍ഐഎ ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് ഗ്രീന്‍വാലി. സംഘടനയെ കഴിഞ്ഞ വര്‍ഷമാണ് യുഎപിഎ നിയമ പ്രകാരം നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. അതിന് മുമ്പ് മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ടും നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സംഘടനയുടെ പഴയ പ്രവര്‍ത്തകരുടെ വീടുകള്‍ എന്നിവിടങ്ങൡ ഇടയ്ക്കിടെ എന്‍ഐഎ പരിശോധന നടത്താറുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവ് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണത്രെ പരിശോധനകള്‍. കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ പലരും ഡല്‍ഹിയിലെ ജയിലിലാണ്.












Click it and Unblock the Notifications