'റോഡല്ല ഇത് കുളം', സ്വിമ്മിങ് പൂളാക്കി നാട്ടുകാര്‍, തപസ്സ് ചെയ്തും പ്രതിഷേധം, ഒപ്പം കൂടി എംഎല്‍എയും
മലപ്പുറം: റോഡിലെ കുഴിയില്‍ വേറിട്ട പ്രതിഷേധവുമായി മലപ്പുറം പാണ്ടിക്കാട്ടെ നാട്ടുകാര്‍. കുഴികള്‍ നിരഞ്ഞ് വെള്ളക്കെട്ടായ റോഡില്‍ തപസ് ചെയ്തും, കുളിക്കാനിറങ്ങിയുമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലത്ത് കൂടി കടന്ന് പോയ എംഎല്‍എയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വാഹനത്തില്‍ നിന്നിറങ്ങി. റോഡിന്‍റെ അവസ്ഥയെ കുറിച്ച് പരാതി പറയുമ്പോള്‍ വാഴ നടണമെന്ന ഉപദേശമാണ് മഞ്ചേരിയിലെ ലീഗ് എംഎല്‍എ നല്‍കിയത്.
എംഎല്‍എ ഒന്ന് ഉഷാറാകാണം എന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. മലപ്പുറം മഞ്ചേരി ഒലിപ്പുഴ റോഡിൽ കിഴക്കെ പാണ്ടിക്കാട് ഭാഗത്താണ് പ്രതിഷേധം നടന്നത്. റോഡിലെ ശോച്യാവസ്ഥ സംബന്ധിച്ച് മന്ത്രിക്കും ജില്ലാ വികസന സമിതിക്കും പരാതി നൽകിയിരുന്നു എന്നാണ് എംഎൽഎയുടെ വിശദീകരണം.

photo courtesy-facebook
അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടിരുന്നു. മറ്റൊരിടത്ത് കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി പിളർന്ന സംഭവവും ഉണ്ടായി. ഇതിൽ നടപടികളൊന്നും സ്വീകരിക്കാത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
റോഡിലെ കുഴികള്‍ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷവും തമ്മിലുള്ള വാക്പോരും തുടരുകയാണ്. കുഴികള്‍ അടയ്ക്കാത്തത് സര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.
പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ പ്രതിപക്ഷ നേതാവ് വിഷയത്തില്‍ കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. രാഷ്ട്രീയ മര്യാദയല്ല പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം എന്ന് വിമര്‍ശിച്ച മന്ത്രി മരണം പോലും പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വത്കരിക്കുകയാണെന്നും ആരോപിച്ചു. റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനമെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. റോഡിലെ കുഴിയടക്കാൻ പണമില്ല. ഇങ്ങനെ പോയാൽ അടിയന്തര പ്രക്ഷോഭം നടത്തേണ്ടി വരും. പ്രവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications