പേരിൽ മാത്രം മുസ്ലീം, ലീഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, മൊയിന്‍ അലി ശിഹാബിനെ പിന്തുണച്ച് അന്‍വര്‍
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ രംഗത്ത് വന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിന്‍ അലി ശിഹാബിനെ പിന്തുണച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മുസ്ലീം ലീഗ് ഇന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണെന്നും മതത്തിന്റെ പേര് പറഞ്ഞ് പിടിച്ച് പറി നടത്തുന്ന ഒരു കൂട്ടം ആളുകളുടെ സങ്കേതം ആണെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.
ഇന്ന് ലീഗ് ഹൌസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയിന്‍ അലി ശിഹാബ് രൂക്ഷ വിമർശനം ഉയർത്തി രംഗത്ത് വന്നത്. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആയിരുന്നു മൊയിന്‍ അലി ശിഹാബിന്റെ വാർത്താ സമ്മേളനം. തന്റെ പിതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇഡി നോട്ടീസ് അയക്കാൻ കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് മൊയിന്‍ അലി ശിഹാബ് ആരോപിച്ചു. ഇതിന് പിന്നാലെ ആണ് പിവി അൻവർ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

പിവി അൻവറിന്റെ പ്രതികരണം: '' പേരിൽ മാത്രമേ മുസ്ലീം എന്നുള്ളൂ. ലീഗ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഇന്ന് മതത്തിന്റെ പേരും പറഞ്ഞ് പിടിച്ച് പറിച്ച് ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടെ സങ്കേതമായി മാറിയിരിക്കുന്നു. മുസ്ലീം മതത്തിന്റെ പേരിൽ ചോര കുടിച്ച് വീർത്തിരിക്കുന്ന ഒരു കൂട്ടം കുളയട്ടകൾക്കെതിരെ പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ എതിർ ശബ്ദം ഉയരുന്നു എന്നതിൽ സന്തോഷമുണ്ട്. ഹൈദരലി തങ്ങളെ ഉൾപ്പെടെ ഹൈജാക്ക് ചെയ്ത്, സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ലീഗിലെ ഒരു വിഭാഗം ഇന്നല്ലെങ്കിൽ നാളെ ജനകീയ വിചാരണ നേരിടേണ്ടി വരും. പടച്ചവന്റെ പേരും പറഞ്ഞ് ഇബിലീസിന്റെ പണിയെടുക്കുന്നവർക്കെതിരെ ശബ്ദം ഉയരുക തന്നെ വേണം. മുഈൻ അലി തങ്ങൾക്കും സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ..''












Click it and Unblock the Notifications