തനിക്കെതിരെ വധഭീഷണിയെന്ന് പിവി അൻവർ എംഎൽഎ: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
മലപ്പുറം: തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായി നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പിവി അൻവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. പൂക്കോട്ടുംപാടം റീഗൽ എസ്റ്റേറ്റ് ഉടമ ജയ മുരുകേശ്, ഭർത്താവ് മുരുകേശ് സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് ആര്യാടൻ ഷൌക്കത്ത് എന്നിവർക്കെതിരെയാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകിയിട്ടുള്ളത്. തന്നെ അപായപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തി കണ്ണൂരിൽ നിന്ന് ഗുണ്ടകളെ എത്തിച്ചെന്നുമാണ് എംഎൽഎയുടെ പരാതി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പിവി അൻവർ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പൂക്കോട്ടുംപാടത്തുള്ള റീഗൽ എസ്റ്റേറ്റ് പ്രശ്നത്തിൽ ഓഹരി ഉടമയുടെ പരാതിപ്രകാരം ഇടപെട്ടിരുന്നു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് എംഎൽഎ പറയുന്നത്. എസ്റ്റേറ്റ് ഉടമകളായ ജയ മുരുകേഷ്, ഭർത്താവ് മുരുകേശ് സുരേഷ് എന്നിവർക്ക് പുറമേ ആര്യാടൻ ഷൌക്കത്തും തനിക്കെതിരെ ആക്ഷേപങ്ങളും വ്യാജ പരാതികളും ഉന്നയിച്ചെന്നും പരാതിയിൽ എംഎൽഎ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മൂർഖൻ ഷഫറുദ്ദീൻ, ഷാജഹാൻ പായിമ്പാടം എന്നിവർക്കെതിരെയും പരാതി നൽകിയിരുന്നു. ധൻരാജ് വധക്കേസിലെ പ്രതിയായ വിപിൻ ഉൾപ്പെടെ കണ്ണൂരിൽ നിന്നുള്ള കുറ്റവാളികളെ എസ്റ്റേറ്റിൽ കൊണ്ടുവന്ന് താമസിപ്പിച്ചെന്നും പിവി അൻവർ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ കണ്ണൂരിൽ നിന്ന് മലപ്പുറത്തെ എസ്റ്റേറ്റിലേക്ക് ആളുകൾ ജോലിയ്ക്കായി വന്നതിൽ ദുരുഹതയുണ്ട്.
പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് പോലീസ് ഇവരെ കരുതൽ തടങ്കലിൽ വെച്ച് പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. എസ്റ്റേറ്റ് മേഖലയിൽ സംഘർഷം ഉണ്ടാകുമ്പോൾ ജനപ്രതിനിധി എന്ന നിലയിൽ താനും അവിടെയെത്തുമെന്നും അപ്പോൾ ആക്രമിക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നതെന്നും എംഎൽഎ പറയുന്നു. എന്നാൽ ആര്യാടൻ ഷൌക്കത്ത് ഉൾപ്പെടെയുള്ളവർ പിവി അൻവറിന്റെ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം പ്രതികളിൽ നിന്ന് വിശദമായി കാര്യങ്ങൾ ചോദിച്ചറിയാതെ വിട്ടയച്ചതിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.
Recommended Video













Click it and Unblock the Notifications