Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിടെ തന്നെ കാണണം ഉടൻ പാക്കലാം: കാണ്മാനില്ലെന്ന ആരോപണത്തിന് മറുപടിയുമായി പിവി അന്‍വര്‍

മലപ്പുറം: തദ്ദേശസ്വയ ഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക്‌ ശേഷം ബിസിനസ്‌ ആവശ്യത്തിനായി വിദേശത്ത്‌ പോകേണ്ടി വന്നതിനാലും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനാലുമാണ് ബജറ്റ് സമ്മേളനത്തില്‍ നിയമസഭയില്‍ എത്താന്‍ കഴിയാതിരുന്നതെന്ന് പിവി അന്‍വര്‍ എംഎല്‍എ. സമ്മേളനത്തിന് എത്താന്‍ സാധിച്ചില്ലെങ്കിലും എങ്കിലും അർഹമായ പരിഗണന ബജറ്റിൽ നിലമ്പൂർ മണ്ഡലത്തിനായി ലഭിച്ചിട്ടുമുണ്ട്‌. ഈ വിവരം കൃത്യമായി സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി ഓഫീസ്‌ സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നുവെന്നും പിന്‍ അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പി വി അൻവറിനെ കാണ്മാനില്ല എന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

"പി വി അൻവറിനെ കാണ്മാനില്ല"എന്ന പരാതിയുമായി ഊത്ത്‌ കോൺഗ്രസുകാർ പോലീസ്‌ സ്റ്റേഷനിൽ പോയത്രേ..
കഴിഞ്ഞ ദിവസങ്ങളിൽ ചില ചാനലുകളുടെ സഹായത്തോടേ ചിലർ ആഘോഷിച്ച വാർത്തയാണിത്‌..
ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടേ..
നിങ്ങൾക്ക്‌ ഏവർക്കും അറിയുന്നത്‌ പോലെ ജനപ്രതിനിധി എന്നതിനൊപ്പം ഒരു ബിസിനസ്സുകാരൻ കൂടിയാണീ പിവി അൻവർ. രാഷ്ട്രീയ പ്രവർത്തനമല്ല എന്റെ വരുമാനമാർഗ്ഗം. നിയമസഭാ അംഗം എന്ന നിലയിൽ ലഭിക്കുന്ന അലവൻസിനേക്കാൾ എത്രയോ അധികം തുക ഓരോ മാസങ്ങളിലും ചിലവഴിക്കേണ്ടി വരുന്നുണ്ട്‌ എന്ന് എന്നെ വ്യക്തിപരമായി അടുത്തറിയുന്നവർക്കൊക്കെ കൃത്യമായി അറിയുകയും ചെയ്യാം.

 pvanvar

ഈ തദ്ദേശസ്വയ ഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക്‌ ശേഷം ബിസിനസ്‌ ആവശ്യത്തിനായി വിദേശത്ത്‌ പോകേണ്ടി വന്നു. നിലവിൽ ആഫ്രിക്കയിലാണുള്ളത്‌. ബജറ്റ്‌ സമ്മേളനത്തിനായി ഈ മാസം 12-നു തിരിച്ച്‌ വരാൻ തയ്യാറെടുക്കവെ കോവിഡ്‌ പോസിറ്റീവായി. തുടർന്ന് സഭയിലെത്താൻ കഴിഞ്ഞില്ല. എങ്കിലും അർഹമായ പരിഗണന ബജറ്റിൽ നിലമ്പൂർ മണ്ഡലത്തിനായി ലഭിച്ചിട്ടുമുണ്ട്‌. ഈ വിവരം കൃത്യമായി സി.പി.ഐ.എമ്മിന്റെ പാർലമെന്ററി പാർട്ടി ഓഫീസ്‌ സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.

അൻവർ സ്ഥലത്തില്ലാത്തതിനാൽ നിലമ്പൂരിൽ ഒന്നും നടക്കുന്നില്ല എന്നാണല്ലോ പരാതി. നിയമസഭാ അംഗമായി നിലമ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതൽ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വത്തെ കുറിച്ച്‌ കൃത്യമായ ധാരണയുണ്ട്‌. അതിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും പ്രവർത്തിക്കുന്ന ഓഫീസും നിലമ്പൂർ ടൗണിലുണ്ട്‌. അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായ സജീവിന്റെ മേൽനോട്ടത്തിൽ,ജനങ്ങളുടെ എന്ത്‌ പ്രശ്നങ്ങൾക്കും പരിഹാരവുമായി ഓഫീസ്‌ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ മുൻപോട്ട്‌ പോകുന്നുണ്ട്‌.

എന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായ സക്കരിയ തിരുവനന്തപുരത്ത്‌ എം.എൽ.എ ഹോസ്റ്റൽ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നു. എല്ലാ ദിവസങ്ങളിലും വിവിധ ആവശ്യങ്ങളുമായി തലസ്ഥാനത്ത്‌ എത്തുന്ന നിരവധി ആളുകളുണ്ട്‌. അവരുടെ ആവശ്യങ്ങൾക്കെല്ലാം തന്നെ വേണ്ട സഹായങ്ങൾ സക്കരിയ കൃത്യമായി ചെയ്ത്‌ നൽകാറുണ്ട്‌. കൂടാതെ വിവിധ വകുപ്പുകളിലെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഫയലുകളും കൃത്യമായി ഇദ്ദേഹം അവിടെ ക്യാമ്പ്‌ ചെയ്ത്‌ ഫോളോ അപ്പ്‌ ചെയ്യുന്നുണ്ട്‌. തികച്ചും പ്രൊഫഷണലായ രീതിയിൽ തന്നെയാണു നിലമ്പൂർ എം.എൽ.എയുടെ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌.ജനങ്ങളുടെ ഒരാവശ്യങ്ങൾക്കും ഇന്ന് വരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല എന്ന് തന്നെ വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ അനുഭവസ്ഥരായ നൂറുകണക്കിനാളുകൾ നിലമ്പൂരിലുണ്ട്‌.

2016-2021 കാലയളവിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടന്നിട്ടുള്ള മണ്ഡലങ്ങളിൽ ഒന്നാണു നിലമ്പൂർ.ഏതാണ്ട്‌ 600 കോടിയിൽ പരം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്‌. വെറുതെ പറഞ്ഞ്‌ പോവുകയോ ഡയറിയിലെ കണക്ക്‌ ഉദ്ധരിക്കുകയോ അല്ല,മറിച്ച്‌ വരും ദിവസങ്ങളിൽ ഓരോ വികസനപദ്ധതികളും എണ്ണിയെണ്ണി പറഞ്ഞ്‌ തന്നെ എന്നെ തിരഞ്ഞെടുത്ത ജനതയെ ബോധിപ്പിക്കുകയും ചെയ്യും.

ഒരു മാസം പോയിട്ട്‌,വർഷത്തിൽ നാലോ അഞ്ചോ ദിവസങ്ങളിൽ മാത്രമെത്തി മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തി പോകുന്ന ജനപ്രതിനിധികളെ എനിക്കറിയാം.അതിനെ കുറിച്ചൊന്നും കൂടുതൽ പറയുന്നില്ല.
എന്നെ ജനം ഏൽപ്പിച്ച ഉത്തരവാദിത്വത്തെ കുറിച്ച്‌ കൃത്യമായ ബോധ്യമുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ,കഴിഞ്ഞ ഇരുപത്‌ വർഷത്തിൽ നടന്നതിനേക്കാൾ കൂടുതൽ വികസനപ്രവർത്തനങ്ങൾ അഞ്ച്‌ വർഷമെന്ന കാലയളവ്‌ കൊണ്ട്‌ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുണ്ട്‌. പരാതിക്കാരുടെ അടിത്തറ തകർന്ന് തരിപ്പണമായിട്ടുണ്ട്‌."ആനയ്ക്ക്‌ നെറ്റിപ്പട്ടം" എന്ന പോലെ കൊണ്ട്‌ നടന്ന നിലമ്പൂർ നഗരസഭയിൽ നിന്ന് ജനങ്ങൾ ഇവരെ തൂത്തുവാരി കുപ്പതൊട്ടിയിലേക്ക്‌ എറിഞ്ഞിട്ടുണ്ട്‌. അതിന്റെ വിഷമം ഇങ്ങനെ കരഞ്ഞുതീർക്കുന്നു എന്ന് മാത്രം!

ഇതൊക്കെ വാർത്തയാക്കുന്ന മാധ്യമങ്ങളോട്‌ ഒന്നും പറയാനില്ല. വർഷത്തിൽ ഒരിക്കൽ മണ്ഡലത്തിൽ എത്തി"ബേക്കറിയിലെ ചില്ലലമാരികളിൽ"കൈയ്യിടുന്ന വാർത്ത എഴുതി പൊലിപ്പിക്കുന്ന തിരക്കിലാണിവർ. പ്രത്യേകിച്ച്‌ ഏഷ്യാനെറ്റ്‌. അവരുടെ റിപ്പോർട്ടിംഗിലുള്ള മറ്റ്‌ ചില ചേതോവികാരങ്ങൾ നിലമ്പൂരിലെ ജനങ്ങൾക്ക്‌ മനസ്സിലാകും.
പരാതിക്കാരൊക്കെ ഒന്ന് ക്ഷമിക്കണം.
അവിടെ തന്നെ കാണണം. ഉടൻ"പാക്കലാം".

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+