കോട്ടയത്ത് നിന്ന് രാഹുല്‍ ഗാന്ധി കോട്ടക്കലിലേക്ക്; പ്രിയങ്കയുമെത്തിയേക്കും, ആയുര്‍വേദ ചികില്‍സ
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയില്‍ ചികില്‍സയ്ക്ക്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷമാകും രാഹുല്‍ കോട്ടയ്ക്കലിലേക്ക് എത്തുക. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അദ്ദേഹത്തോടൊപ്പമുണ്ടാകും. പ്രിയങ്ക ഗാന്ധിയും കോട്ടയ്ക്കലിലെത്തുമെന്ന് സൂചനയുണ്ട്.
ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി കോട്ടയത്തേക്ക് പുറപ്പെടാന്‍ തീരുമാനിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്ര പുതുപ്പള്ളിയിലെത്താന്‍ വൈകിയതിനാല്‍ യാത്രാ സമയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം രാത്രി ഏഴരയ്ക്ക് ശേഷമേ നടക്കൂ എന്നാണ് പുതിയ വിവരം. ഇതിന് ശേഷമാകും രാഹുല്‍ കോട്ടയ്ക്കലിലേക്ക് പുറപ്പെടുക.

വ്യാഴാഴ്ച രാത്രി രാഹുല്‍ ഗാന്ധി കോട്ടയ്ക്കലിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യാത്ര വെള്ളിയാഴ്ച്ചത്തേക്ക് നീട്ടുമോ എന്ന് വ്യക്തമല്ല. റോഡ് മാര്‍ഗമാകും രാഹുല്‍ ഗാന്ധി കോട്ടയ്ക്കില്‍ എത്തുക എന്നാണ് വിവരം. ഇവിടെ ഒരാഴ്ച്ചയിലധികം നീളുന്ന ചികില്‍സയാണ് പദ്ധതിയിട്ടിരിക്കുന്നത്. മാനേജിങ് ട്രസ്റ്റി മാധവന്‍ കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാകും ചികില്‍സ.
ജൂലൈ 29 വരെ രാഹുല്‍ ഗാന്ധി ആര്യ വൈദ്യശാലയിലുണ്ടാകുമെന്നാണ് വിവരം. രണ്ടുദിവസത്തിനകം പ്രിയങ്ക ഗാന്ധി കോട്ടയ്ക്കലിലെത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് കാല്‍മുട്ട് വേദനയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ അദ്ദേഹം രാജ്യവ്യാപകമായ പദയാത്ര നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications