1737 റേഷന്‍കാര്‍ഡുകള്‍ മാറ്റി; ജൂണ്‍ 30 വരെ സമയം... ശേഷം നടപടി, അറിയേണ്ട കാര്യങ്ങള്‍
മലപ്പുറം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ, ചുവപ്പ്) കൈവശം വച്ചിട്ടുള്ളവര്‍ ജൂണ്‍ 30നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍. ഒട്ടനവധി അര്‍ഹരായ കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുകയാണ്. അവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായാണ് ശിക്ഷകളില്‍ ഇളവുനല്‍കി കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിനായി അവസരം നല്‍കിയത്.

കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളിലെ സ്ഥിരം ജീവനക്കാര്‍, ആദായ നികുതി നല്‍കുന്നവര്‍, സര്‍വീസ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ റേഷന്‍കാര്‍ഡില്‍ പേരുള്ള എല്ലാവര്‍ക്കും കൂടി പ്രതിമാസം 25000 രൂപ വരുമാനമുള്ള കുടുംബങ്ങള്‍, എല്ലാ അംഗങ്ങള്‍ക്കുംകൂടി ഒരു ഏക്കറിലധികം ഭൂമിയുള്ളവര്‍, ആയിരം ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീട് ഉള്ളവര്‍, നാലു ചക്ര വാഹനമുള്ളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗത്തിനല്ലാത്ത വാഹനം) എന്നിവര്‍ ജൂണ്‍ 30 നകം കൈവശമുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റണം. അപേക്ഷകള്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലോ റേഷന്‍കടകളിലോ നല്‍കാം. താലൂക്ക് സപ്ലൈ ഓഫീസുകളുടെ ഇ-മെയില്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം.
ജൂണ്‍ 30 നകം റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റാത്ത കാര്‍ഡുടമകളില്‍നിന്നും അനര്‍ഹമായി കൈപ്പറ്റിയ ഭക്ഷ്യ സാധനങ്ങളുടെയും മണ്ണെണ്ണയുടെയും വിപണി വിലയുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കും. റേഷന്‍കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിനുള്ള അവസാന തീയതിയായ ജൂണ്‍ 30നു ശേഷം പിഴയിളവ് ലഭിക്കില്ല. ജൂലൈ ഒന്നു മുതല്‍ ജില്ലയില്‍ താലൂക്ക് തല പരിശോധന കര്‍ശനമാക്കും. ജില്ലയില്‍ ഈ മാസം ഇതുവരെ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന 1737 മുന്‍ഗണനാ വിഭാഗം റേഷന്‍കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications