റേഷൻ മുട്ടി; അന്നം മുടക്കി; ഇ പോസ് സംവിധാനത്തിലെ തകരാർ; പെട്ടുപോയത് ഇവർ
റേഷൻ മുട്ടി; അന്നം മുടക്കി; ഇ പോസ് സംവിധാനത്തിലെ തകരാർ; പെട്ടുപോയത് ഇവർ
മലപ്പുറം; ജില്ലയിൽ തുടർച്ചയായി റേഷൻ വിതരണം സ്തംഭിച്ചതായി പരാതി. ഇ പോസ് സംവിധാനത്തിലെ തകരാർ കാരണമാണ് റേഷൻ വിതരണം മുടങ്ങിയത്. അഞ്ചാം ദിനവും ഈ സ്ഥിതി തുടർന്നപ്പോൾ ജില്ലയിൽ ഇക്കാര്യം പരാതിയായി മാറി. തകരാർ മൂലം പല തവണയായി കുറച്ചു സമയം മാത്രമാണ് വിതരണം നടന്നത്.
ഇ പോസ് സംവിധാനം തകരാറിലായതിനാൽ റേഷൻ കാർഡ് ഉടമകളുടെയോ അംഗങ്ങളുടെയോ വിരൽ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങൾ ഉറപ്പാക്കി. എന്നാൽ, ബിൽ ചെയ്തു സാധനങ്ങൾ നൽകാൻ വ്യാപാരികൾക്ക് കഴിയുന്നില്ല.

ഇന്ന് മുതൽ 18 വരെ ജില്ലയിലെ റേഷൻ കടകൾ രാവിലെ 8.30 മുതൽ 12 വരെയാണ് പ്രവർത്തിക്കുക. ഉച്ചയ്ക്കു ശേഷം കടകൾ തുറക്കില്ല. അതിനകം ഇ പോസ് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊതു വിതരണ വകുപ്പ്. നേരത്തെ 8.30 മുതൽ 12 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയും ആണ് കടകൾ പ്രവർത്തിച്ചിരുന്നത്.
ക്രമീകരണം സുഗമമായി നടപ്പാക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫിസർമാരും ഇൻസ്പെക്ടർമാരും ഫീൽഡ് സന്ദർശനം നടത്തിയ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സിവിൽ സപ്ലൈസ് കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്.എന്നാൽ, തകരാർ വീണ്ടും തുടർന്നിരുന്നു. അതോടെ റേഷൻ വാങ്ങാനെത്തിയവർ പലരും തിരിച്ചു പോയി.
അതേസമയം, ഇ പോസ് സംവിധാനത്തിന്റെ സെർവറിന്റെ പോരായ്മയാണ് പ്രശ്നത്തിനു കാരണം എന്ന് റേഷൻ കട ഉടമകൾ പറയുന്നു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഇത്തരത്തിൽ സ്തംഭനം ഉണ്ടാകാറുണ്ട്.
എന്നാൽ, ചില കടകൾ മാത്രം പ്രവർത്തിക്കുന്ന സമയത്ത് തടസ്സം ഇല്ലാതെ റേഷൻ നൽകാനാകുന്നുണ്ട്. ജില്ലയിലെ ഭൂരിഭാഗം കടകളും ഇന്നലെ ഉച്ചയോടെ അടച്ചിരുന്നു. ഈ സമയത്ത് തുറന്ന കടകൾക്ക് തടസ്സമില്ലാതെ റേഷൻ വിതരണം ചെയ്യാനായി എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications