'തെറ്റുപറ്റി, ബിജെപിക്ക് ന്യൂനപക്ഷ പ്രേമമല്ല, വിരോധമാണ്', ബിജെപി ബന്ധമുപേക്ഷിച്ച് സാധു റസാഖ്
മലപ്പുറം: ബിജെപി ബന്ധം ഉപേക്ഷിച്ച് മലപ്പുറം മുന്‍ നഗരസഭാ അധ്യക്ഷന്‍ സാധു റസാഖ്. ബിജെപിയിലേക്ക് വന്നപ്പോള്‍ തനിക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം എന്ന് സാധു റസാഖ് വ്യക്തമാക്കി.
കേന്ദ്ര വഖഫ് കൗണ്‍സിലില്‍ തനിക്ക് ബിജെപി ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് സാധു റസാഖ് പറയുന്നു.ബിജെപി സംസ്ഥാന സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് വാഗ്ദാനങ്ങള്‍ നല്‍കിയത്. അതുകൊണ്ടാണ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുളള തീരുമാനമെടുത്തത്. എന്നാല്‍ അവ പാലിക്കാന്‍ ബിജെപി തയ്യാറായിട്ടില്ലെന്നും അതിനാലാണ് രാജി വെക്കുന്നത് എന്നും സാധു റസാഖ് വ്യക്തമാക്കി.
യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ മലപ്പുറത്ത് നടപ്പിലാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാമോ എന്നാണ് ബിജെപി ആവശ്യപ്പെട്ടത്. ബിജെപിയില്‍ അംഗത്വമെടുക്കേണ്ടതില്ലെന്നും സഹയാത്രികന്‍ ആയാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം. ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍, ബിസിനസ്സുകാരനായ മോഹന്‍ജി എന്നിവരുമായി ബിജെപിയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി. പാലക്കാട് വെച്ച് നടന്ന ചര്‍ച്ചയില്‍ മലപ്പുറത്തുളള പ്രമുഖനായ കോണ്‍ഗ്രസ് നേതാവ് ആയിരുന്നു മധ്യസ്ഥനെന്നും സാധു റസാഖ് പറഞ്ഞു.

ബിജെപി സഹയാത്രികനാകുന്നത് സംബന്ധിച്ച് ചില മതപണ്ഡിതരമായും ചര്‍ച്ച നടത്തിയിരുന്നു. ഒഴുക്കിന് അനുസരിച്ച് നീങ്ങാനാണ് അവര്‍ നിര്‍ദേശിച്ചത്. ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. പകരം നിരവധി പേര്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാമെന്ന് കരുതി ആയിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാമോ എന്ന് ബിജെപി അധ്യക്ഷന്‍ ചോദിച്ചിരുന്നു.. നല്‍കിയ വാക്ക് പാലിച്ചാല്‍ മത്സരിക്കാം എന്നായിരുന്നു താന്‍ മറുപടി നല്‍കിയത്. മലപ്പുറത്ത് ബിജെപിക്ക് വേരോട്ടമുണ്ടാക്കാനായി സഹായിക്കാനും ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നു.
പല തവണ സംസാരിച്ചിട്ടും തനിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ലെന്ന് സാധു റസാഖ് പറഞ്ഞു. മുസ്ലീം സമുദായത്തെ ബിജെപി ഏത് വിധേനെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കെ സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയ്ക്ക് ഹാരാര്‍പ്പണം നടത്തി പിന്തുണച്ച് വലിയ തെറ്റായി എന്ന് ഇപ്പോള്‍ തോന്നുന്നു. സുരേന്ദ്രന്റെ യാത്ര വിജയിപ്പിക്കാന്‍ മെട്രോമാന്‍ ഇ ശ്രീധരനെ കരുവാക്കി. ബിജെപിക്ക് ന്യൂനപക്ഷ പ്രേമമല്ല, വിരോധമാണ്. ചെയ്ത തെറ്റില്‍ ഖേദിക്കുന്നു, മാപ്പ് ചോദിക്കുന്നു. ഇനി ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്നും സാധു റസാഖ് പറഞ്ഞു.












Click it and Unblock the Notifications