കട്ടറോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറിയ പോലെ; വിജയം എല്‍ഡിഎഫിന്- റോഷി അഗസ്റ്റിന്‍
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന്‍ എംഎല്‍എ. കട്ട റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറിയ പോലെയുള്ള അവസ്ഥയിലാണ് ഞങ്ങള്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം മുന്നണി മാറ്റത്തെ വിശേഷിപ്പിച്ചു. നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മധ്യ തിരുവതാംകൂറിലും വടക്കന്‍ മലബാറിലെ കുടിയേറ്റ മേഖലകളിലും എല്‍ഡിഎഫ് മികച്ച വിജയം നേടും. ഈ തിരഞ്ഞെടുപ്പ് ഫലത്തിന് ചരിത്ര പ്രാധാന്യമുണ്ട്. ഇടതുപക്ഷവുമായി ചേര്‍ന്ന് പോകാന്‍ സാധിക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നണി മാറിയത്. കാര്‍ഷിക മേഖലയില്‍ വന്ന മാറ്റങ്ങള്‍, മതേതരത്വം നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷത്തിനുള്ള പങ്ക്, അതിനെല്ലാം പുറമെ നവ കേരളം എന്ന സങ്കല്‍പ്പം ഇതെല്ലാമാണ് കേരള കോണ്‍ഗ്രസിനെ ഇടതുപക്ഷത്തോട് അടുപ്പിച്ചത്.
യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ നിന്ന ജോസഫ് പക്ഷം മലപ്പുറത്ത് ഉള്‍പ്പെടെ സ്വതന്ത്ര്യന്‍മാരായി അലഞ്ഞുതിരിയുകയാണ്. ഘടകകക്ഷികളെ മാന്യമായി പരിഗണിക്കുന്നത് ഇടതുപക്ഷമാണ്. ഞങ്ങളുടെ സാന്നിധ്യം ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്ന അവര്‍ക്ക് തോന്നിയത് ഒരു പോസറ്റീവ് വശമാണ്. അതില്‍ ഞങ്ങളുടെ അണികള്‍ ആവേശത്തിലാണ്. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ ഒരു പുതിയ മാറ്റം തിരഞ്ഞെടുപ്പില്‍ ദര്‍ശിക്കാന്‍ സാധിക്കും.
ഇടതുപക്ഷ മുന്നണിയില്‍ മാണി വിഭാഗത്തിന് സീറ്റ് പങ്കിട്ടതില്‍ കേരളത്തില്‍ എവിടെയും തര്‍ക്കമില്ല. വിമതരുമില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒന്നിക്കാന്‍ പറ്റാത്തവര്‍ക്ക് എങ്ങനെ ഭരണത്തില്‍ ഒന്നിക്കാന്‍ സാധിക്കും. 2019ലെ വിജയം ആവര്‍ത്തിക്കുമെന്ന കുഞ്ഞാലിക്കുട്ടിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും അവകാശ വാദം അവര്‍ക്ക് തെറ്റിയതാണ്. മുന്നേറ്റമുണ്ടാകുമെന്ന് അവര്‍ പറയുന്നു. ഇടതുപക്ഷ മുന്നണിക്ക് മുന്നേറ്റമുണ്ടാകുമെന്നായിരിക്കാം അവര്‍ പ്രതീക്ഷിക്കുന്നതെന്നും റോഷി അഗസ്റ്റിന്‍ സരസമായി പറഞ്ഞു.












Click it and Unblock the Notifications