അത് എംവി ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല; സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിക്കുന്നു...
മലപ്പുറം: മുസ്ലിം ലീഗിനെ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിച്ച് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല എന്നത് ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല. കേരളത്തിലെ എല്ലാവര്‍ക്കുമുള്ള അഭിപ്രായമാണ്. ലീഗിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്ന ആര്‍ക്കും അക്കാര്യം ബോധ്യമാകും. ഇടതുപക്ഷത്തേക്കുള്ള ക്ഷണമായി ഗോവിന്ദന്റെ പ്രസ്താവനയെ കരുതുന്നില്ല. അദ്ദേഹം രാഷ്ട്രീയമായ ഒരു വസ്തുത പറഞ്ഞു എന്ന് മാത്രമേയുള്ളൂ. മുസ്ലിം ലീഗ് യുഡിഎഫില്‍ അഭിവാജ്യ ഘടകമാണ്. അതില്‍ മാറ്റമില്ലെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു.

ഏകസിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ് എംപി അബ്ദുല്‍ വഹാബ് പ്രതികരിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പികെ കുഞ്ഞാലിക്കുട്ടിയാണ് മറുപടി നല്‍കിയത്. അതിന് വേറെ ഒരു തലം നിങ്ങള്‍ കൊടുക്കരുത്. പ്രസംഗ മധ്യേ ആരെയും കാണാത്തപ്പോള്‍ അദ്ദേഹം അങ്ങനെ പറഞ്ഞു എന്നേയുള്ളൂ. അവരുടെ അംഗം സഭയിലുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞല്ലോ. അത് നല്ല കാര്യം. അതോടു കൂടി ആ വിഷയം അവസാനിച്ചിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏകസിവില്‍ കോഡ് വലിയ വിഷയമാണ്. എല്ലാ മതേതര കക്ഷികളും ഒറ്റക്കെട്ടായി എതിര്‍ക്കണം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രതയോടെ കാത്തിരിക്കണം. കോണ്‍ഗ്രസ് തന്നെയാണ് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഘടന. ഇന്ത്യ പോലെ വ്യത്യസ്ത വിഭാഗങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് ഏകസിവില്‍കോഡ് വന്നാല്‍ വലിയ പ്രശ്‌നമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് രാജ്യസഭാംഗം ജെബി മേത്തര്‍ വിഷയത്തില്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്- ഏകസിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നയം ഒന്നാണ്. രാജ്യസഭയില്‍ മൂന്ന് കോണ്‍ഗ്രസ് എംപിമാര്‍ എതിര്‍ത്ത് സംസാരിച്ചു. അതില്‍ കൂടുതല്‍ പേര്‍ ഹാജരുണ്ടായിരുന്നു. ഏക സിവില്‍കോഡ് വിഷയത്തില്‍ സ്വകാര്യ ബില്ലാണ് വന്നത്. കോണ്‍ഗ്രസ് എംപിമാര്‍ എതിര്‍ത്തിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി എന്ന നിലയില്‍ മാത്രമാണ് ഞാന്‍ പറയുന്നത്. വിവാദത്തിന്റെ കാര്യമില്ല. സഭയില്‍ സംസാരിച്ചിട്ടുണ്ട്. സംസാരിച്ചില്ല എങ്കില്‍ നിങ്ങളുടെ ചോദ്യം ശരിയാകുമായിരുന്നുവെന്നും ജെബി മേത്തര്‍ പറഞ്ഞു.












Click it and Unblock the Notifications