ഒറ്റയ്ക്ക് മല്‍സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ്ഡിപിഐ; മല്‍സരിക്കാത്തിടത്ത് മനസാക്ഷി വോട്ട്
മലപ്പുറം: കേരളത്തില്‍ രാഷ്ട്രീയ മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് മല്‍സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ്ഡിപിഐ. 2015ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ നേടുമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2000ത്തിലധികം സീറ്റുകളില്‍ ഇത്തവണ പാര്‍ട്ടി മല്‍സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ 48 സീറ്റുകളാണ് നേടിയത്. ഇത്തവണ പത്തിരട്ടി സീറ്റുകള്‍ നേടും. പാര്‍ട്ടി ജയിച്ച വാര്‍ഡുകളിലെ വികസന മാതൃകകള്‍ വലിയ വിജയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും മജീദ് ഫൈസി പറഞ്ഞു.

രാഷ്ട്രീയ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ഒറ്റയ്ക്ക് മല്‍സരിക്കാനാണ് പാര്‍ട്ടി തുടക്കം മുതല്‍ ശ്രമിച്ചിട്ടുള്ളത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ വലിയ പ്രതിസന്ധിയിലാണ്. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന മുന്നണികള്‍ക്കെതിരെ നാള്‍ക്കുനാള്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു. അഴിമതി ആരോപണം ഉയര്‍ന്നാല്‍ മാറി നിന്ന് അന്വേഷണത്തെ നേരിടുക എന്നതായിരുന്നു മുന്‍കാല നേതാക്കളുടെ മാതൃക. എന്നാല്‍ ഇപ്പോഴത്തെ നേതാക്കള്‍ അതെല്ലാം മറന്നിരിക്കുന്നു.
അധികാരം ജനങ്ങളിലേക്ക് എന്ന ആശയം പൂര്‍ണമായി നടപ്പാക്കാന്‍ ഇതുവരെ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് എസ്ഡിപിഐ വിലയിരുത്തുന്നതെന്ന് മജീദ് ഫൈസി പറഞ്ഞു. ബിജെപിക്ക് ഗുണം ചെയ്യുന്ന ഒരു നിലപാടും പാര്‍ട്ടി സ്വീകരിട്ടില്ല. എസ്ഡിപിഐക്ക് സാന്നിധ്യം ഉള്ള സ്ഥലങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ത്രിതല പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളില്‍ പാര്‍ട്ടി മല്‍സരിക്കുന്നുണ്ട്. മല്‍സരിക്കാത്ത ഇടങ്ങളില്‍ മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യാമെന്നാണ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും മജീദ് ഫൈസി പറഞ്ഞു.












Click it and Unblock the Notifications