കോളജില്‍ പ്രവേശനത്തിനിടെ പറഞ്ഞ ഫീസിനേക്കള്‍ 5000 രൂപ അധികംചോദിച്ചു: പരീക്ഷക്കിരുത്തിയില്ലെന്ന്!!
മലപ്പുറം: കോളേജില്‍ ഫീസടക്കാന്‍ വൈകിയ പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതി. എടപ്പാള്‍ മാണൂരിലെ മലബാര്‍ കോളേജിനെതിരെയാണ് മാറഞ്ചേരി അവിണ്ടിത്തറ സ്വദേശിയായ അതുല്‍ കൃഷ്ണ പരാതിയുമായി രംഗത്ത് വന്നത്.
എസ്സി വിഭാഗത്തില്‍പ്പെട്ട അതുല്‍ കൃഷ്ണ ബികോം കോര്പ്പറേഷന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഒന്നാം സെമസ്റ്ററിന്റെ ഇംഗ്ലീഷ് പരീക്ഷയാണ് തന്നെ എഴുതാന്‍ അനുവദിക്കാതിരുന്നതെന്നാണ് വിദ്യാര്‍ഥിയുടെ പരാതി, കോളേജില്‍ ചേരുമ്പോള്‍ രണ്ടു സെമ്മിന് 18000 രൂപയാണ് ഫീസ് പറഞ്ഞിരുന്നത്. ഇതു പ്രകാരം 13000 രൂപ അടക്കുകയും ചെയ്തിരുന്നു.എന്നാല്‍ രക്ഷിതാക്കളേയോ വിദ്യാര്ത്ഥികളെയോ അറിയിക്കാതെ വിവിധ പേരുകളില്‍ എണ്ണായിരം രൂപ കൂടി ഫീസ് വര്‍ധിപ്പിച്ചിരുന്നുവെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു.
ഒന്നാം സെമസ്റ്ററിന്റെ പരീക്ഷ അടുത്തതോടെ ഹാള്‍ടിക്കറ്റ് കൊടുക്കാന്‍ കോളേജ് അധിക്യതര്‍ തയ്യാറായില്ലെന്നാണ് പരാതി. തല്ക്കാലം അയ്യായിരം രൂപ അടയ്ക്കാമെന്നും ബാക്കി ഒരാഴ്ച കഴിഞ്ഞ് അടയ്ക്കാമെന്നും അതുല്‍ ക്യഷ്ണയുടെ അച്ഛന് കൃഷ്ണകുമാര്‍ കോളേജ് അധികൃതരോട് അപേക്ഷിച്ചെങ്കിലും അനുവദിക്കാതെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് ആദ്യത്തെ ബി കോം പരീക്ഷ നഷ്ടപ്പെട്ടതിന് ശേഷം വിഷയത്തില്‍ എസ് എഫ് ഐ വിദ്യാര്‍ഥി സംഘടന ഇടപെടുകയും തുടര്‍ന്ന് ഹാള്‍ടിക്കറ്റ് അനുവദിക്കുകയുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ അച്ഛന് നിരവധി തവണ അപേക്ഷിച്ചിട്ടും ഹാള്‍ടിക്കറ്റ് നല്കാത്തതിനാല് ഒരു പരീക്ഷ വിദ്യാര്‍ത്ഥിക്ക് നഷ്ടപ്പെട്ടു. കോളജിന്റെ ഈനടപടിക്കൊതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍.