ഒടുവില്‍ ജലീലിന്റെ ശ്വാസം നേരെ വീണു; തവനൂരില്‍ ജയം 2564 വോട്ടുകള്‍ക്ക്, ഫിറോസ് പൊരുതിതോറ്റു
മലപ്പുറം: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മലപ്പുറത്തെ തവനൂര്‍ മണ്ഡലത്തില്‍ കെടി ജലീലിന് ജയം. ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ ഒരുക്കിയ ശക്തമായ പ്രതിസന്ധി മറികടക്കാന്‍ ജലീല്‍ ശരിക്കും വിയര്‍ത്തു. 17000 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016ല്‍ തവനൂരുകാര്‍ ജലീലിന് നല്‍കിയത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. പലപ്പോഴും തോല്‍ക്കുമെന്ന തോന്നലുമുണ്ടായി.
ഇടതു തരംഗത്തിനിടയിലും ജലീല്‍ തോല്‍ക്കുമെന്ന ഇടതുക്യാമ്പുകളില്‍ വരെ സംശയം ഉയര്‍ന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ഇടതുപക്ഷത്തിന് താരതമ്യേന മുന്‍തൂക്കമുള്ള പുറത്തൂര്‍ പഞ്ചായത്തില്‍ വോട്ടുകള്‍ എണ്ണിയതോടെ ജലീലിന് ശ്വാസം നേരെ വീണു. 3000ത്തിലധികം വോട്ടുകള്‍ക്ക് ജയിച്ചു....

ഉദ്വേഗ നിമിഷങ്ങള്‍
മലപ്പുറം ജില്ലയില്‍ മാത്രമല്ല, കേരളത്തിലെ മൊത്തം മണ്ഡലങ്ങള്‍ നോക്കിയാലും തവനൂരില്‍ ഏറ്റവും ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ച വോട്ടെണ്ണലായിരുന്നു. ശക്തമായ പോരാട്ടമാണ് ഇവിടെ നടന്നത്. 2016ല്‍ ലഭിച്ച 17000 വോട്ടിന്റെ ഭൂരിപക്ഷം എന്ന ആത്മവിശ്വാസത്തിലാണ് കെടി ജലീല്‍ കളത്തിലിറങ്ങിയത്. പക്ഷേ, പിന്നീട് കളിമാറി.

യുഡിഎഫിലെ ഐക്യം
പൊതുസമ്മതനെ നിര്‍ത്താന്‍ യുഡിഎഫ് ആലോചിക്കുന്നു എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. പിന്നീടാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മല്‍സരിക്കുമെന്ന വിവരം വന്നത്. ആദ്യം ഫിറോസ് നിഷേധിച്ചെങ്കിലും അദ്ദേഹം തന്നെ ഒടുവില്‍ സ്ഥാനാര്‍ഥിയായി. ഇതോടെ മുമ്പെങ്ങുമില്ലാത്ത വിധം ലീഗ് കോണ്‍ഗ്രസ് ഐക്യം മണ്ഡലത്തില്‍ പ്രകടമായി.

സോഷ്യല്‍ മീഡയ ആഘോഷം
പ്രചാരണം സോഷ്യല്‍ മീഡിയിയല്‍ ഇത്രയധികം ചര്‍ച്ചയായ മറ്റൊരു മണ്ഡലം കേരളത്തിലില്ല. സ്ഥാനാര്‍ഥികളുടെ ഓരോ നീക്കവും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. കെടി ജലീല്‍ പ്രചാരണത്തിന് എത്തിയ വീട്ടിലെ കുട്ടി ഫിറോസിക്ക എപ്പഴാ വരിക എന്ന് ചോദിച്ചത് വരെ വാര്‍ത്തയായിരുന്നു. അധികം വൈകാതെ മധുരവുമായി ഫിറോസ് എത്തുകയും ചെയ്തു.

ഫിറോസ് ശക്തന്‍ തന്നെ
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായി ഇറങ്ങിയ ഫിറോസിന് വലിയ തോതില്‍ സാന്നിധ്യം അറിയിക്കാന്‍ സാധിച്ചു. സിപിഎം കേന്ദ്രങ്ങളില്‍ വരെ ഫിറോസ് നേരിയ മുന്നേറ്റങ്ങള്‍ പ്രകടമാക്കി. ഇതോടെയാണ് ഇത്തവണ കെടി ജലീലിന് അടിപതറുമെന്ന തോന്നലുണ്ടായത്. വോട്ടെണ്ണല്‍ ആരംഭിച്ച് കുറേ നേരം ഫിറോസ് തന്നെയായിരുന്നു ലീഡ് ചെയ്തതും.

രക്ഷിച്ചത് പുറത്തൂര്‍
ഏറ്റവും ഒടുവില്‍ പുറത്തുര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് ജലീല്‍ അവസാന കുതിപ്പ് നടത്തിയത്. ഇതോടെയാണ് ലീഡ് നില 3000 കടന്നത്. എങ്കിലും ഇതൊരു തിളക്കമാര്‍ന്ന വിജയമാണെന്ന് കരുതാന്‍ സാധിക്കില്ല. 17000ത്തില്‍ നിന്ന് 3000ത്തിലേക്ക് ഭൂരിപക്ഷം കുറയുക, അതും പുതുമുഖത്തിന് മുമ്പില്‍ പതറുക എന്നത് ജലീല്‍ നേരിട്ട പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നു.

ജലീല്‍ മന്ത്രിയാകുമോ
ഇടതുപക്ഷം തിളക്കമാര്‍ന്ന വിജയമാണ് ഇത്തവണ നേടിയത്. പിണറായി വിജയന്‍ ഗംഭീരമായ മുന്നേറ്റം നടത്തി വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നു. ഈ വേളയില്‍ ജലീല്‍ ഇനിയും മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യം ബാക്കിയാണ്. ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ട ജലീലിന് ഇനി മന്ത്രിയാകാന്‍ സാധിക്കില്ല എന്നാണ് ഒരു വിഭാഗം സിപിഎം പ്രാദേശിക നേതാക്കളുടെ അഭിപ്രായം.












Click it and Unblock the Notifications