സ്വര്‍ണ കള്ളക്കടത്ത് സംഘത്തിലെ കാരിയര്‍മാരെന്ന് സംശയിച്ച് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘം വിദേശത്തേക്ക് മുങ്ങുന്നതിനിടയില്‍ കരിപ്പൂര്‍ വിമാനത്തവളത്തില്‍വെച്ച് അറസ്റ്റിലായി!!
മലപ്പുറം: സ്വര്‍ണ കള്ളക്കടത്ത് സംഘത്തിലെ കാരിയര്‍മാരെന്ന് സംശയിച്ച് നിരപരാധികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
എടവണ്ണ കാരക്കുന്ന് സ്വദേശി ഫസല്‍ റഹ്മാന്‍ (30), എടവണ്ണ മുണ്ടേങ്ങല്‍ സ്വദേശി കളപ്പാടന്‍ മുഹമ്മദ് നിസാം (25), അരീക്കോട് മൈത്ര സ്വദേശികളായ പാറക്കല്‍ അബ്ദുള്‍നാസര്‍ (37), പാറക്കല്‍ ഷിഹാബുദ്ദീന്‍ (32), എടവണ്ണ ഒതായി തെഞ്ചീരി സ്വദേശി കക്കടതൊടി സാക്കിര്‍ഹുസൈന്‍ (29) എന്നിവരെയാണ് പിടികൂടിയത്.

ചെമ്മാട്, കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെയാണ്‌സംഘം തട്ടിക്കൊണ്ടുപോയി മംഗലാപുരത്തുള്ള ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയത്. യുവാക്കളെ കണ്ടെത്താന്‍ കാസര്‍കോട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ് പൊലീസ്. മംഗലാപുരം, കാസര്‍കോട് ഭാഗങ്ങളിലുള്ള ക്വട്ടേഷന്‍ സംഘങ്ങളെയും തട്ടിക്കൊണ്ടുപോകാന്‍ ഒത്താശചെയ്ത പാണ്ടിക്കാട്, കരുവാരക്കുണ്ട്, പെരിന്തല്‍മണ്ണ, കൊടുവള്ളി, താമരശ്ശേരി സ്വദേശികളെയും പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്.
സ്വര്‍ണക്കടത്തുമായി ബന്ധമുള്ള പാണ്ടിക്കാട്, മഞ്ചേരി, കരുവാരക്കുണ്ട്, കൊടുവള്ളി എന്നിവിടങ്ങളിലെ സംഘങ്ങള്‍ കരുവാരക്കുണ്ട് കേന്ദ്രീകരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ചെമ്മാടുള്ള ഒരു യുവാവിനെക്കൊണ്ടാണ് യുവാക്കളെ തന്ത്രപൂര്‍വ്വം തുവ്വൂരിലേക്ക് രാത്രി വിളിച്ചുവരുത്തിയത്. തുവ്വൂര്‍ ടൗണിലെ ആളൊഴിഞ്ഞ സ്ഥലത്ത് യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പ്രതികള്‍ അവര്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ജീപ്പ് ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശെഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പിറ്റേന്ന് പുലര്‍ച്ചയോടെ കൊയിലാണ്ടിയില്‍ വച്ച് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘത്തിന് യുവാക്കളെ കൈമാറി. യുവാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം കാസര്‍കോട് ഭാഗത്ത് തെരച്ചില്‍ നടത്തിവരികയാണ്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.എ.ശിവദാസന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ സുരേഷ്ബാബു, ടി.ശ്രീകുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, ഉല്ലാസ്, എം.മനോജ്കുമാര്‍, ഫൈസല്‍, സതീഷ്‌കുമാര്‍, സെബാസ്റ്റ്യന്‍, രാജേഷ്, പ്രദീപ് കുമാര്‍, സി.പി.മുരളി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications