കുടുംബവഴക്ക്: മകന്റെ കിടപ്പ് മുറിക്ക് തീയിട്ട് അച്ഛന്‍, ഓടിരക്ഷപ്പെട്ട് മരുമകളും പേരക്കുട്ടിയും
മലപ്പുറം: കുടുംബവഴക്കിനെ തുടര്‍ന്ന് മകന്റെ കിടപ്പ് മുറിക്ക് തീയിട്ട് അച്ഛന്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ ആണ് സംഭവം. മകന്‍ ജോലിക്ക് പോയ സമയത്താണ് പിതാവ് കിടപ്പ് മുറിക്ക് തീയിട്ടത്. മരുമകളും പേരക്കുട്ടിയും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. തലക്കാട് തലൂക്കരയിലെ മണ്ണത്ത് അപ്പു (78) ആണ് മകന്റെ കിടപ്പ് മുറിക്ക് തീയിട്ടത്.
മരുമകളുടെ പരാതി പ്രകാരം അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പുവും ഇളയ മകന്‍ ബാബുവും ബാബുവിന്റെ ഭാര്യയും കുട്ടിയും ഈ വീട്ടില്‍ ആയിരുന്നു താമസം. ബാബുവിന് അപ്പു രണ്ട് സെന്റ് സ്ഥലം കൊടുത്തിരുന്നു. പിന്നീട് ബാബുവും ഭാര്യയും തന്നെ പരിപാലിക്കുന്നില്ല എന്ന പരാതിയുമായി അപ്പു തിരൂര്‍ ആര്‍ ഡി ഒയെ ചെന്ന് കണ്ടു.

ശേഷം മറ്റൊരു മകന്റെ വീട്ടിലേക്ക് താമസം മാറി. ആര്‍ ഡി ഒയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിമാസം 1500 രൂപ ചെലവിനായി അപ്പുവിന് ബാബു നല്‍കണം എന്നും നിര്‍ദേശിച്ചു. ഇത് പ്രകാരം ബാബു അപ്പുവിന് തുക നല്‍കി വരികയായിരുന്നു. എന്നാല്‍ ഇതിലൊന്നും സംതൃപ്തനാകാതെ ആണ് അപ്പു മകന്റെ കിടപ്പ് മുറിക്ക് തീയിട്ടത്.
തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. ബാബു ജോലിക്ക് പോയ സമയത്ത് മണ്ണത്ത് വീട്ടിലെത്തിയ അപ്പു കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ആ സമയത്ത് മരുമകള്‍ പ്രജിയും പേരക്കുട്ടി ആദിത്യനും മുറിയിലുണ്ടായിരുന്നു. ഇവര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആരെങ്കിലും അടുത്ത് വന്നാല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് അപ്പു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ സേനയെത്തി അപ്പുവിനെ അനുനയിപ്പിക്കുയായിരുന്നു.
തീ വ്യാപിക്കുന്നത് തടയുകയും ചെയ്തു. പിന്നീട് പ്രിജിയുടെ പരാതിയെ തുടര്‍ന്ന് തിരൂര്‍ പൊലീസെത്തി അപ്പുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications