മലപ്പുറത്തിന് അഭിമാന നിമിഷം; എരവിമംഗലം, മംഗലശ്ശേരി നഗരാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം
മലപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി എരവിമംഗലം, മംഗലശ്ശേരി നഗരാരോഗ്യ കേന്ദ്രങ്ങള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) പരിശോധനയില്‍ എരവിമംഗലം നഗരാരോഗ്യകേന്ദ്രം 93.4 ശതമാനവും മംഗലശ്ശേരി നഗരാരോഗ്യകേന്ദ്രം 94.2 ശതമാനം മാര്‍ക്ക് നേടിയാണ് ദേശീയ അംഗീകാരം നേടിയത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശിയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍.ക്യു.എ.എസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. ജില്ലയില്‍ ഇതുവരെ 12 സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചു.
ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലീരോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വഹണം എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനമാണ് അംഗീകാരം ലഭിക്കാന്‍ കാരണമായത്. ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്ന് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും.
എത്ര സീറ്റ് കിട്ടും? യുഡിഎഫിന്റെ പ്രതീക്ഷ ഇങ്ങനെ... വെളിപ്പെടുത്തി കുഞ്ഞാലിക്കുട്ടി, കൂടെ കാരണങ്ങളും
സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്ഫെക്ഷന് കണ്ട്രോള്, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തുന്ന പരിശോധനയ്ക്ക് ശേഷം എന്‍.എച്ച്.എസ്.ആര്.സി നിയമിക്കുന്ന ദേശീയതല പരിശോധകര് നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് ഭാരത സര്‍ക്കാര്‍ എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാനും എന്‍.എച്ച്.എമ്മിന്റെയും മുന്‍സിപ്പാലിറ്റിയുടേയും ഫണ്ടുകള്‍ വിനിയോഗിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍, ജില്ലാ ക്വാളിറ്റി അഷ്വുറന്‍സ് ടീം, ജില്ലാ അര്‍ബന്‍ ഹെല്‍ത്ത് ടീം, പി.ആര്.ഒ, മറ്റ് ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടാന്‍ സാധിച്ചത്.