മലപ്പുറത്ത് രണ്ട് കൊറോണ മരണം കൂടി; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 47120 പേര്‍
മലപ്പുറം: ജില്ലയില്‍ ഇന്ന് രണ്ട് കോവിഡ് മരണം കൂടി. ഒളവട്ടൂര്‍ സ്വദേശിനി ആമിന (95), കാടാമ്പുഴ കല്ലാര്‍മംഗലം സ്വദേശിനി കമലാക്ഷി (69) എന്നിവരാണ് മരിച്ചത്. ഹൃദ്രോഗം, ഡീജനറേറ്റിവ് ഡിസ്‌ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ എന്നിവ അലട്ടിയിരുന്ന ആമിനയെ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 27നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ഓഗസ്റ്റ് 31ന് രോഗിയുടെ ആരോഗ്യ നില വഷളായി. എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 31ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, സെറിബ്രോവാസ്‌ക്യൂലര്‍ ആക്‌സിഡന്റ്, എപ്പിലപ്സി എന്നിവ അലട്ടിയിരുന്ന കമലാക്ഷിയെ സപ്റ്റംബര്‍ ഒന്നിനാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. അവശ നിലയിലായിരുന്ന രോഗിയെ കോവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച ശേഷം മെക്കാനിക്കല്‍ വെന്റിലേഷന്‍ ആരംഭിച്ചു. രാവിലെ ഏഴിന് ഹൃദയാഘാതമുണ്ടായതോടെ എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 7.30ന് രോഗി മരിക്കുകയായിരുന്നു.
അതേസമയം, ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 286 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 47,120 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.












Click it and Unblock the Notifications