ചുങ്കത്തറ പഞ്ചായത്ത് പിടിച്ചെടുത്ത് എല്‍ഡിഎഫ്: യുഡിഎഫിന് ഭരണ നഷ്ടം 15 വർഷത്തിന് ശേഷം
നിലമ്പൂർ: അവിശ്വാസ പ്രമേയത്തിലൂടെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തിലെ യു ഡി എഫ് ഭരണം വീഴ്ത്തി എല്‍ ഡി എഫ്. 15 വർഷത്തിന് ശേഷമാണ് യു ഡി എഫിന് നിലമ്പൂർ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചുങ്കത്തറ പഞ്ചായത്തിലെ ഭരണം നഷ്ടമാവുന്നത്. പഞ്ചായത്ത് ഭരണ സമിതിക്കെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 9 നെതിരെ 11 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു.
2020 ഡിസംബറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോള്‍ ആകെ 20 അംഗങ്ങളുള്ള ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ ഡി എഫിനും യു ഡി ഫിഎനും 10 വീതം സീറ്റുകളിലായിരുന്നു വിജയിക്കാന്‍ സാധിച്ചത്. ഇതേ തുടർന്ന് നടന്ന നറുക്കെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ വരികയായിരുന്നു. കോണ്‍ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യാനായിരുന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

വൈസ് പ്രസിഡന്റായി യു ഡി എഫിലെ തന്നെ സൈനബ മാമ്പള്ളിയും നറുക്കെടുപ്പില്‍ വിജയിയായി. എന്നാല്‍ ഭരണത്തിലേറി അധിക നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ യുഡിഎഫില്‍ അസ്വാരസ്യങ്ങള്‍ ശക്തമായി. പ്രസിഡന്‍റ് വത്സമ്മ സെബാസ്റ്റ്യന്‍ യു ഡി എഫ് അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നതായും യു ഡി എഫില്‍ ആരോപണമുയര്‍ന്നു. തർക്കം രൂക്ഷമായതോടെ ഇത് മുതലാക്കി എല്‍ ഡി എഫ് അവിശ്വാസപ്രമേയം കൊണ്ടുവരികയായിരുന്നു.
ലീഗ് സ്വതന്ത്രയായി വിജയിച്ച അംഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ഇടത് പക്ഷത്തിന് വിജയിക്കാന്‍ സാധിച്ചത്. വൈസ് പ്രസിഡന്റ് സൈനബ മാമ്പുള്ളിക്കാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. അടുത്ത ദിവസങ്ങളില്‍ വൈസ് പ്രസിഡന്റിനെതിരേയും അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ഇടതിന്റെ നീക്കം. നിലമ്പൂർ എം എല്‍ എ പിവി അന്‍വർ പഞ്ചായത്തില്‍ കേന്ദ്രീകരിച്ച് അവിശ്വാസ പ്രമേയ നീക്കത്തിന് നേതൃത്വം നല്‍കി.
അതേസമയം, കോട്ടയം ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തില്‍ യു ഡി എഫ് അവിശ്വാസത്തെ എല്‍ ഡി എഫ് സ്വതന്ത്രര്‍ പിന്തുണച്ചതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും വൈസ് പ്രസിഡന്റായിരുന്ന ജോസുകുട്ടി അമ്പലമുറ്റത്തിന് അധികാരം നഷ്ടമായി. എല്‍ ഡി എഫ് സ്വതന്ത്രരായ വിനോദ് വേരനാനി, എല്‍സമ്മ എന്നീ അംഗങ്ങളാണ് യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. അവിശ്വാസത്തിന് അനുകൂലമായി എട്ട് വോട്ടുകള്‍ കിട്ടി.












Click it and Unblock the Notifications