'ദയാവായ്പിനുള്ള സമ്മാനം'; മലപ്പുറത്തെ വൈറൽ പാട്ടുകാരി ആതിരയ്ക്ക് വീടൊരുക്കാൻ പ്രവാസി
എടക്കര: തെരുവിൽ നിന്ന് താരാട്ട് പാട്ട് പാടി വൈറൽ ആയ മിടുക്കിയാണ് ആതിര. സോഷ്യൽമീഡിയയിൽ താരമാണ് ഇപ്പോൾ ഈ മിടുക്കി. ആതിരയിടെ മധുരാലാപനത്തിന് മാത്രമല്ല അഭിനന്ദനം ഈ കൊച്ചുമിടുക്കിയുടെ വലിയ മനസ്സിനെക്കൂടിയാണ് എല്ലാവരും അഭിനന്ദിക്കുന്നത്.
പഠനോപകരണങ്ങൾ വാങ്ങാൻ പോത്തുകൽ അങ്ങാടിയിൽ എത്തിയപ്പോഴാണ് മൈക്കിൽ പാട്ട് പാടുന്ന തെരുവ് ഗായികയെ കണ്ടത്. അവരിൽ നിന്ന് സ്നേഹപൂർവ്വം മൈക്ക് വാങ്ങി ആതിര പാടിയ പാട്ട് സോഷ്യൽമീഡിയയിൽ വൈറൽ ആവുകയായിരുന്നു.

പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആതിര. സ്വന്തമായി വീട് ഇല്ലാത്ത ആതിരയ്ക്ക് വീടുവെച്ച് നൽകാൻ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രവാസി.
ഖത്തറിലെ ഏബിൾ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും വാഴക്കാട് എളമരം സ്വദേശിയുമായ മോൻസി ബഷീറാണ് ആതിരയ്ക്ക് വീട് വെച്ച് നൽകാൻ തയ്യാറായി എത്തിയത്. ആതിരയ്ക്ക് വീട് വെച്ച് നൽകാൻ തയ്യാറാണെന്ന കാര്യം ആതിരയുടെ കുടുംബത്തേയും ആതിര പഠിക്കുന്ന പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതരെയും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
സ്വന്തമായി വീടില്ലാത്ത ആതിരക്ക് ജനകീയ പങ്കാളിത്തത്തോടെ വീട് വെച്ച് നൽകാൻ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് മോൻസി ബഷീർ വീട് വെച്ച് നൽകാനുള്ള സന്നദ്ധത അറിയിച്ചത്.
ആതിരയുടെ മനസ്സിന് ഇണങ്ങിയ വീടാണ് അവർ നിർദേശിക്കുന്ന സ്ഥലത്ത് നിർമിച്ച് നൽകുകയെന്നു വിദ്വേഷവും സ്വാർഥതയും കൂടി വരുന്ന കാലത്ത് ആതിരയുടെ കുഞ്ഞ് മനസിൽ പരപ്രേരണ ഇല്ലാതെ തന്നെ ഉണ്ടായ ദയാവായ്പിനുള്ള സമ്മാനമാണ് താൻ നൽകുന്ന വീട് എന്നും അദ്ദേഹം പറഞ്ഞു. 2019 ലെ പ്രളയത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ ആതിരയ്ക്കും കുടുംബത്തിനും ഉണ്ടായിട്ടുണ്ട്
കഴിഞ്ഞ 25 വർഷമായി ഖത്തറിൽ ബിൽഡിങ് മെറ്റീരിയൽ ട്രേഡിങ് രംഗത്ത് പ്രവർത്തിക്കുന്ന ഏബിൾ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് മോൻസി ബഷീർ. വീട് നിർമിക്കാൻ സ്ഥലം കണ്ടെത്തിയാൽ ഉടൻ തന്നെ നിർമാണം തുടങ്ങും. ഓണത്തോട് അനുബന്ധിച്ച് ആതിരയ്ക്കും കുടുംബത്തിനും പുതിയ വീട്ടിൽ താമസമാക്കാൻ കഴിയുന്ന വിധത്തിൽ വീടിന്റെ നിർമാണം പൂർത്തിയാക്കാൻ ആണ് ഉദ്ദേശമെന്നും മോൻസി ബഷീർ പറഞ്ഞു. നിരവധിപേരാണ് ഈ മിടുക്കിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്












Click it and Unblock the Notifications