മലപ്പുറത്ത് ലീഗില്‍ പ്രതിസന്ധി; ഒരിടത്തല്ല, പലയിടത്ത്... രാജിയും കൊഴിഞ്ഞുപോക്കും രൂക്ഷം; കാരണം?
മലപ്പുറം: മുസ്ലീം ലീഗിന് സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള ജില്ല ഏതെന്ന് ചോദിച്ചാല്‍ മലപ്പുറം എന്ന് തന്നെ ആയിരിക്കും ഉത്തരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 11 ലീഗ് എംഎല്‍എമാരും മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു. എന്നാല്‍ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് ലീഗിന് അത്ര എളുപ്പമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലീഗിന്റെ മലപ്പുറം ചുവപ്പിക്കും..കോട്ട പൊളിക്കാനുറച്ച് എൽഡിഎഫ്..പുതുമ നിറച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം
ലീഗ് കടുത്ത നാണക്കേടിൽ; കമറുദ്ദീന് വിലങ്ങ് വീണു, 15 കോടി തട്ടിപ്പിന് തെളിവ്... ചതിച്ചതാണെന്ന്
കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളായി വോട്ടുകളില്‍ കുറവ് വരുന്നു എന്നത് മാത്രമല്ല മുസ്ലീം ലീഗ് നേരിടുന്ന പ്രതിസന്ധി. ഇത്തവണ പാര്‍ട്ടിയിലെ കൂട്ടരാജികളും സ്ഥാനാര്‍ത്ഥി നിര്‍ണത്തിലെ അതൃപ്തിയും എല്ലാം വലിയ പ്രശ്നങ്ങളാണ്. എസ്ടിയു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടുളളത്. ഇതിനൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ടും പ്രശ്നമാണ്. പരിശോധിക്കാം...

പ്രതിഷേധം, രാജി, പ്രതിസന്ധി
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ മുസ്ലീം ലീഗിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമാണ്. ഇത്രയും കാലം എടുത്ത നിലപാടില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നാണ് അവരുടെ പക്ഷം. ഈ വിഷയത്തില്‍ മാത്രം പ്രതിഷേധിച്ച് താഴെ തട്ടില്‍ നിന്ന് രാജിവച്ച് പോകുന്നവരുടെ എണ്ണം കൂടുകയാണ്. ഇതിനൊപ്പമാണ് സ്ഥാനാര്‍ത്ഥി നിര്‍ണത്തിലെ പ്രശ്നങ്ങള്‍.

മേലാറ്റൂരില്‍ രൂക്ഷം
മേലാറ്റൂര്‍ പഞ്ചായത്തില്‍ പാര്‍ട്ടിയുടെ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചിട്ടുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് സീറ്റ് നല്കിയില് പ്രതിഷേധിച്ചാണ് കെപി ഉമ്മറിന്റെ രാജി. ഇദ്ദേഹത്തോടെ മുസ്ലീം ലീഗിന്റെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുളളവര്‍ രാജിവച്ചിട്ടുണ്ട്.

എസ്ടിയു നേതാവ് എല്‍ഡിഎഫില്‍
ഇതിനിടെയാണ് മുസ്ലീം ലീഗിന് വലിയ തിരിച്ചടി നല്കി എസ്ടിയുവിന്റെ സംസ്ഥാന സെക്രട്ടറിയുടെ രാജിയും പാര്‍ട്ടി മാറ്റവും. കര്‍ഷകത്തൊഴിലാളി ഫെഡഫേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെകെ ഹംസ മുസ്ലീം ലീഗില്‍ നിന്ന് രാജിവച്ചു എന്ന് മാത്രമല്ല, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്യുന്നുണ്ട്. കണ്ണമംഗലം പഞ്ചായത്തിലാണ് ഹംസ മത്സരിക്കുന്നത്.

തിരൂരിലും തര്‍ക്കവും രാജിയും
തിരൂരിലും മുസ്ലീം ലീഗില്‍ തര്‍ക്കം രൂക്ഷമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇവിടെ പല യൂത്ത് ലീഗ് പ്രവര്‍ത്തകരും രാജിവച്ചതായാണ് വാര്‍ത്തകള്‍. പലവാര്‍ഡുകളിലും കമ്മിറ്റി അംഗങ്ങള്‍ മൊത്തമായി രാജിവച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ തവണ തിരിച്ചടി
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് പലയിടത്തും തിരിച്ചടി നേരിട്ടിരുന്നു. മുസ്ലീം ലീഗിന്റെ അപ്രമാദിത്തത്തിനെതിരെ ചില സ്ഥലങ്ങളില്‍ 'അവിയല്‍ മുന്നണി' നിലവില്‍ വരികയും ഭരണം പിടിച്ചെടുക്കുന്ന സ്ഥിതി വിശേഷവും ഉണ്ടായിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആയിരുന്നു 'അവിയല്‍ മുന്നണിയില്‍' ലീഗിന് ഏറ്റവും നഷ്ടമുണ്ടാക്കിയവര്‍. എന്നാല്‍ ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഹകരണത്തിനാണ് യുഡിഎഫ് തീരുമാനം. ഇതാണ് പലയിടത്തും വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായിരിക്കുന്നത്.

ഇടത് നീക്കം
സ്ത്രീകളേയും യുവാക്കളേയും മുന്‍നിര്‍ത്തിയാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മലപ്പുറത്തിറങ്ങുന്നത്. മുസ്ലീം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ അവരുടെ വോട്ടുകള്‍ കുറയ്ക്കാനായാല്‍ തന്നെ അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇട് പ്രതീക്ഷ.