മലപ്പുറത്തെ സിറ്റിങില്‍ ഹാജരാകാന്‍ ഹരിത ഭാരവാഹികള്‍ക്ക് നിര്‍ദേശം; കോഴിക്കോട് എത്താമെന്ന് മറുപടി
മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. പരാതി നല്‍കിയ ഹരിത ഭാരവാഹികള്‍ ഏഴിന് നടക്കുന്ന കമ്മീഷന്റെ മലപ്പുറത്തെ സിറ്റിങില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. എന്നാല്‍ മലപ്പുറത്തെ സിറ്റിങില്‍ ഹാജരാകുന്നതിന് പ്രയാസമുണ്ടെന്നും കോഴിക്കോട്ടെ സിറ്റിങില്‍ ഹാജരാകാമെന്നും ഹരിത പ്രവര്‍ത്തകര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പരാതി നല്‍കിയത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും മലപ്പുറത്ത് എത്തിച്ചേരുക പ്രയാസമാണ്. കോഴിക്കോട് ആകുമ്പോള്‍ യാത്രാ സൗകര്യം എളുപ്പമാകും. ഇക്കാര്യമാണ് ഹരിത പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതത്രെ.
ഹരിത പ്രവര്‍ത്തകരുടെ ആവശ്യം വനിതാ കമ്മീഷന്‍ അംഗീകരിച്ചു. കോഴിക്കോട്ടെ സിറ്റിങിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. തീരുമാനിച്ചാല്‍ ഇക്കാര്യം ഹരിത പ്രവര്‍ത്തകരെ അറിയിക്കും. അതേസമയം, ഈ മാസം എട്ടിന് കോഴിക്കോട്ടെ പാര്‍ട്ടി ഓഫീസില്‍ മുസ്ലിം ലീഗ് നേതൃയോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹരിത വിഷയം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.

ജൂണ്‍ 22ന് കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് യോഗത്തില്‍ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയാണ് വനിതാ കമ്മീഷന് ലഭിച്ചത്. കമ്മീഷന്‍ പരാതി പോലീസ് മേധാവിക്ക് കൈമാറി. തുടര്‍ന്ന് കോഴിക്കോട്ടെ വെള്ളയില്‍ പോലീസിന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. വനിതാ എസ്‌ഐ ആണ് കേസ് അന്വേഷിക്കുന്നത്. ഇവര്‍ പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിന് ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു. നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷനെ സമീപിച്ചത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ നടപടിയടുത്താല്‍ മാത്രമേ കേസ് പിന്‍വലിക്കൂ എന്ന് ഭാരവാഹികള്‍ പറഞ്ഞിരുന്നു.
ഹരിത നേതാക്കളുമായി പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് ആദ്യം ചര്‍ച്ച നടത്തിയത്. എന്നാല്‍ അവര്‍ നിലപാടില്‍ ഉറച്ച് നിന്നു. പരാതി പിന്‍വലിച്ചതുമില്ല. പോലിസ് നടപടി ആരംഭിച്ചതോടെ ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ വീണ്ടും സമവായ നീക്കം ആരംഭിച്ചു. മലപ്പുറത്തെ ഓഫീസില്‍ രാത്രി 12 മണി വരെ ചര്‍ച്ച നടത്തിയാണ് ചില ധാരണകളുണ്ടാക്കിയത്. ഇതുപ്രകാരം. എംഎസ്എഫ് നേതാക്കള്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാനും ഹരിത ഭാരവാഹികള്‍ പരാതി പിന്‍വലിക്കാനും തീരുമാനിച്ചു. എംഎസ്എഫ് നേതാക്കള്‍ സോഷ്യല്‍ മീഡിയ വഴി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ഹരിത ഭാരവാഹികള്‍ കേസ് പിന്‍വലിച്ചില്ല. വെള്ളയില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
മുസ്ലിം ലീഗ് നേതാക്കള്‍ ആലോചിച്ച് എടുത്ത തീരുമാനം അംഗീകരിക്കാത്ത ഹരിത ഭാരവാഹികള്‍ക്കെതിരെ വൈകാതെ നടപടിയെടുക്കുമെന്നാണ് വിവരം. എട്ടിന് കോഴിക്കോട് ചേരുന്ന യോഗത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തേക്കും. പത്ത് ഹരിത ഭാരവാഹികളാണ് പരാതി നല്‍കിയത്. ഇവരെ സംഘടന പുറത്താക്കിയേക്കും. പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്. എംഎസ്എഫിലെ ചില നേതാക്കള്‍ തന്നെയാണ് ഹരിത ഭാരവാഹികള്‍ പരാതി പിന്‍വലിക്കാതിരിക്കാന്‍ കാരണം എന്നാണ് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നത്.
അതിനിടെ ചന്ദ്രിക കള്ളപ്പണ വിവാദക്കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്. ഇഡിക്ക് മുമ്പാകെ കുഞ്ഞാലിക്കുട്ടി ഹാജരാകും. അദ്ദേഹം ഇഡിയില്‍ നിന്ന് ഒളിച്ചോടില്ലെന്നും പിഎംഎ സലാം പറഞ്ഞു. കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നു എന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവന ഗുരുതരമാണെന്നും ഇക്കാര്യം മുസ്ലിം ലീഗ് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണെന്നും സലാം പറഞ്ഞു.












Click it and Unblock the Notifications