പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു; ദുരൂഹമെന്ന് യൂത്ത് ലീഗ്... പ്രതിഷേധം, അന്വേഷണം തുടങ്ങി
മലപ്പുറം: താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. മമ്പുറം സ്വദേശി താമിര്‍ ജിഫ്രിയാണ് മരിച്ചത്. കുഴഞ്ഞുവീണപ്പോള്‍ ആശുപത്രിയിലെത്തിച്ചെന്നും അപ്പോഴാണ് മരിച്ചതെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇവിടെ എത്തിക്കും മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
കഴിഞ്ഞ രാത്രിയാണ് താമിര്‍ ജിഫ്രിയെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ദേവധാര്‍ പാലത്തിന് സമീപം വച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുന്നു. ഇയാളില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചുവെന്നും പോലീസ് അവകാശപ്പെട്ടു. എന്നാല്‍ പോലീസിന്റെ നീക്കം ദുരൂഹമാണ് എന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.

പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രതിഷേധിച്ചു. എട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടാണ് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങുന്നതെന്നും മരിച്ച വ്യക്തിയുടെ കുടുംബത്തെ വളരെ വൈകിയാണ് അറിയിച്ചതെന്നും യൂത്ത് ലീഗ് മണ്ഡലം നേതാക്കള്‍ പറഞ്ഞു.
പുലര്‍ച്ചെ യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞുവീണുവെന്നും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചുവെന്നും ഡിവൈഎസ്പി വിവി ബെന്നി പറഞ്ഞു. സംഭവം വിവാദമായതോടെ ഉന്നത പോലീസ് ഓഫീസര്‍മാര്‍ താനൂരിലെത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് എസ്പി അറിയിച്ചു.
പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാരായിരിക്കും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക. ഇതിന്റെ വീഡിയോ ചിത്രീകരിക്കും. തിരൂര്‍ സബ് കളക്ടറുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു. ജിഫ്രിയെ കസ്റ്റഡിയിലെടുത്ത കേസ്, മരണത്തില്‍ ദുരൂഹതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യത്യസ്ത സംഘം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പാണോ മരണം സംഭവിച്ചത് എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും. മരിച്ച വ്യക്തിയുടെ കുടുംബത്തെ രാവിലെ അറിയിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. 2019, 2023 വര്‍ഷങ്ങളില്‍ ലഹരി കേസില്‍ പ്രതിയാണ് ജിഫ്രി. കൂടാതെ മറ്റു രണ്ടു കേസുകളും യുവാവിനെതിരെ നേരത്തെയുണ്ടെന്ന് എസ്പി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.












Click it and Unblock the Notifications