പതിനാലുകാരിയെ പ്രണയം നടിച്ച് പീഡനം : യുവാവ് അറസ്റ്റിൽ
മലപ്പുറം: മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ഹാജിയാർപള്ളി മച്ചിങ്ങൽ മുഹമ്മദ് ഹിഷാം ആണ് അറസ്റ്റിലായത്. 2021 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് ബന്ധം സ്ഥാപിക്കുകയും തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ ബീച്ചിലേക്കും മറ്റും കൊണ്ടുപോകുകയായിരുന്നു. പ്രണയം നടിച്ച് പതിനാലുകാരിയെ പലയിടത്തും എത്തിച്ച് പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു.
ജില്ലയിൽ സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർധിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു. ശാരീരികവും മാനസികവും ആയി പീഡിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. എന്നാൽ ഇത്തരം കേസുകളിൽ പരാതി നൽകാൻ സ്‌ത്രീകൾ തയ്യാറാകുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നിര്‍ദേശ പ്രകാരം എസ്‌ഐ ഖമറുസമാന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. എസ്.ഐ വി.സി കൃഷ്ണനാണ് കേസ് അന്വേഷിക്കുന്നത്.

കൊണ്ടോട്ടിയിൽ പഠനാവശ്യത്തിന് പോകുകയായിരുന്ന 21കാരി ആക്രമിക്കപ്പെട്ടിരുന്നു. വിദ്യാർഥിയെ പട്ടാപ്പകൽ വലിച്ചിഴച്ച് കൊണ്ടുപോയി പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ കേസിൽ പ്രതിയായത് 15കാരനാണെന്ന് അറിയുമ്പോഴാണ് വിഷയത്തിലെ ഗൗരവം മനസിലാകുന്നത്. മലപ്പുറത്ത് പീഡിപ്പിക്കപ്പെട്ട 17കാരി പ്രസവിച്ച സംഭവം ഉണ്ടായിരുന്നു.
കോട്ടക്കലിൽ വീട്ടുകാർ പോലും അറിയാതെയാണ് പെൺകുട്ടി പ്രസവിച്ചത്. അതേ സമയം സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് നടക്കുന്ന ഇത്തരം കേസുകളും ജില്ലയിൽ കുറവല്ല. ഇത്തരത്തിലുള്ള കേസുകളിൽ പെടുന്നത് ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്.
സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി നിരവധി പദ്ധതികളും ബോധവത്കരണവും നടപ്പാക്കുമ്പോഴും ഇതൊന്നും വേണ്ട വിധത്തില്‍ ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതിന്റെ തെളിവാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ഇത്തരം കേസുകൾ. ഈ വർഷം സ്‌ത്രീകൾക്കെതിരെ റിപ്പോർട്ട് അതിക്രമങ്ങളും പീഡനങ്ങളുമായി ബന്ധപ്പെട്ട് 623 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 2017 മുതലാണ് ഇത്തരം കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്‌തു തുടങ്ങിയത്. 2017ൽ റിപ്പോർട്ട് ചെയ്‌ത കേസുകൾ 1323 ആയിരുന്നുവെങ്കിൽ 2021ൽ ഈ കണക്ക് 1617 ആയി ഉയർന്നിരുന്നു.












Click it and Unblock the Notifications