രഞ്ജിനി, പൃഥ്വിരാജ്, ഷറപ്പോവ; മല്ലു ഹിപ്പോക്രസിയുടെ ഇരകള്‍!
ഈ പറഞ്ഞ ആരും ഒരു മലയാളിയെയും പിടിച്ച് കടിച്ചതായി അറിവില്ല. എന്നിട്ടും അവരെ വെറുതെ വിട്ടില്ല നമ്മള്‍. അറിയാത്തത് അറിയില്ല എന്ന് പറഞ്ഞു എന്ന ഒരു തെറ്റേ പാവം മറിയ ഷറപ്പോവ ചെയ്തുള്ളൂ, വേണ്ടിടത്ത് നോ എന്ന് പറയാനുള്ള ആര്‍ജവവും ആരെയും കൂസാത്ത ശരീരഭാഷയുമായിരുന്നു പൃഥ്വിരാജിന്റെയും രഞ്ജിനി ഹരിദാസിന്റെയും 'കുറവ്'.
മലയാളം ഭാഷയുടെ മാതാവ് എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ എത്ര പേര്‍ ശുദ്ധമലയാളം സംസാരിക്കുന്നവരുണ്ട് എന്ന് നോക്കണം. സൗത്തിന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടനാക്കി പൃഥ്വിരാജിനെ കളിയാക്കിയതും ഇതേ മലയാളി ഹിപ്പോക്രസിയാണ്. നിവിന്‍ പോളിയെയും സന്തോഷ് പണ്ഡിറ്റിനെയും ചീത്ത വിളിച്ചവരിലും ഈ അസുഖത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തന്നെ കാണാം.
ഈ ഹിപ്പോക്രസിയുടെ ഏറ്റവും അവസാനത്തെ ഇരയാണ് അന്താരാഷ്ട്ര ടെന്നീസ് താരം മരിയ ഷറപ്പോവ.

പട്ടി കുരച്ചാല്‍ പടി തുറക്കുമോ
ഒരു പഴഞ്ചൊല്ലാണ്. ലോകത്തിന്റെ ഒരു മൂലയിലിരുന്ന് അവര്‍ കേട്ടിട്ടുപോലുമില്ലാത്ത നാട്ടിലെ ആളുകള്‍ അവര്‍ക്കറിയാത്ത ഭാഷയില്‍ ചീത്ത വിളിച്ചാല്‍ ഷറപ്പോവയ്ക്ക് എന്ത് സംഭവിക്കാനാണ്.

ഹെന്ത് മലയാളം ഹെന്ത് സച്ചിന്‍
സച്ചിനെ അറിയില്ല എന്ന് പറഞ്ഞുപോയ ഷറപ്പോവയുടെ പേജില്‍ പോയി പൊങ്കാലയിട്ട മലയാളികളും അവര്‍ പറഞ്ഞ തെറിയും സച്ചിനെ പോലും നാണിപ്പിക്കുന്നതാണ്.

ആരാണീ സച്ചിന്‍
എട്ട് പത്ത് രാജ്യങ്ങള്‍ കളിക്കുന്ന ക്രിക്കറ്റ് കളിയിലെ മികച്ച കളിക്കാരില്‍ ഒരാള്‍. ക്രിക്കറ്റ് ആരാധകര്‍ക്ക് ദൈവമോ ഒക്കെ ആയിരിക്കാം. എന്നാല്‍ ഏതോ ഭൂഖണ്ഡത്തില്‍ ജീവിക്കുന്നവര്‍ പോലും അറിഞ്ഞിരിക്കാന്‍ മാത്രം എന്താണ് സച്ചിന്‍ എന്ന് ചോദിക്കുന്നവരും കുറവല്ല.

മലയാളത്തിന്റെ അമ്മ
മലയാളികള്‍ ശബ്ദമുയര്‍ത്തി പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ നിവര്‍ന്ന് നിന്ന് പറഞ്ഞു എന്ന തെറ്റേ രഞ്ജിനി ചെയ്തുള്ളൂ, അപ്പോഴേക്കും അവരുടെ മലയാളം പ്രശ്‌നമായി അവരുടെ വേഷം പ്രശ്‌നമായി... ആകെ പ്രശ്‌നമായി

അഹങ്കാരി രാജു
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ ഇത്രയധികം ഉപദ്രവിച്ച ഒരു മലയാള നടന്‍ വേറെയുണ്ടാകില്ല. അഭിനയം മാത്രമല്ല പൃഥ്വിരാജിന്റെ സ്വകാര്യ ജീവിതവും വിവാഹവും പോലും ആക്രമിക്കപ്പെട്ടു.

നിവിമ്പോളിസം
മോഹന്‍ ലാല്‍ വിളിച്ചിട്ട് ഫോണെടുത്തില്ല എന്ന് പറഞ്ഞ് നിവിന്‍ പോളിയെ പറയാത്ത ചീത്തയൊന്നും ഇനി ബാക്കിയില്ല. നിവിമ്പോളിസം എന്നൊരു പേര് പോലും ഇതിനായി സൃഷ്ടിക്കപ്പെട്ടു. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വിശദീകരണവുമായി വന്നപ്പോഴാണ് ഫാന്‍സ് പട ഒന്നടങ്ങിയത്.

സന്തോഷ് പണ്ഡിറ്റ്
സ്വയം സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചുനടക്കുന്ന സന്തോഷ് പണ്ഡിറ്റിനും കിട്ടി നല്ല പണി. എന്നാല്‍ പണികളൊക്കെ പ്രശസ്തിയാക്കി മാറ്റിയ പണ്ഡിറ്റ് വിമര്‍ശന തൊഴിലാളികളുടെ വിറ്റ കാശ് തന്റെ കീശയിലുണ്ടെന്ന് തെളിയിച്ചു.












Click it and Unblock the Notifications