കുട്ടികള്‍ക്ക് വിഷം നല്‍കി മലയാളി നഴ്‌സിന്റെ ആത്മഹത്യാശ്രമം; 16 വര്‍ഷം തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി
ലണ്ടന്‍: യു.കെയില്‍ രണ്ട് മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സിന് 16 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. പ്രവാസി മലയാളികള്‍ക്കാകെ ഞെട്ടലുണ്ടാക്കിയ സംഭവം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഏഴിനാണ് നടന്നത്.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ 39 കാരിക്കാണ് കടുത്ത ശിക്ഷ ലഭിച്ചത്. തന്റെ പേര് വെളിപ്പെടുത്താന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചതിനാല്‍ ബ്രിട്ടീഷ് മാധ്യമങ്ങളൊന്നും പേര് വെളിപ്പെടുത്താതെയാണ് വാര്‍ത്ത നല്‍കിയത്.

ഈസ്റ്റ് സസെക്‌സിലെ ഉക്ക്ഫീല്‍ഡിലെ ഹണ്ടേഴ്സ് വേയിലാണ് കുടുംബം താമസിച്ചിരുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് യുവതിയെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. പതിമൂന്നും എട്ടും വയസുള്ള കുട്ടികള്‍ക്ക് കൂടിയ അളവില്‍ മരുന്ന് നല്‍കി യുവതിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതിനു പിന്നാലെ നാട്ടില്‍ ഉള്ള സഹോദരനോട് യുവതി തങ്ങള്‍ വിഷം കഴിച്ചതായി വെളിപ്പെടുത്തി. സഹോദരന്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെയും മക്കളുടെയും ജീവന്‍ രക്ഷിച്ചത്. സഹോദരന്‍ അറിയിച്ചതു പ്രകാരം പാരാമെഡിക്കലുകള്‍ എത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
യുവതിയുടെ രണ്ടു മക്കളും ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ് കഴിയുന്നത്. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെതുടര്‍ന്നാണ് കൂട്ട ആത്മഹത്യാ ശ്രമം ഉണ്ടായത്. അതേസമയം, സംഭവ ദിവസം ഭര്‍ത്താവ് നാട്ടിലായിരുന്നു.
രണ്ട് കൊലപാതകശ്രമങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് മലയാളി നഴ്‌സിനു മേല്‍ ചുമത്തിയത്. ഭര്‍ത്താവിനോടുള്ള പ്രതികാരത്തിനുള്ള മാര്‍ഗമായി മക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനെടുക്കാന്‍ തീരുമാനിച്ചതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാലാണ് കടുത്ത് ശിക്ഷ വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മികച്ച ഭാവി സ്വപ്‌നം കണ്ട് യു.കെയിലെത്തിയ മലയാളി കുടുംബത്തിന് സംഭവിച്ച ദാരുണമായ സംഭവത്തില്‍ പ്രവാസി മലയാളി സമൂഹം വലിയ ഞെട്ടലിലാണ്.












Click it and Unblock the Notifications