മലിംഗ വീണ്ടും ലങ്കയെ ചതിച്ചു, മുംബൈയ്ക്ക് വേണ്ടി കളിക്കും
കൊളംബോ: ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് കളിക്കാന്‍ വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ശ്രീലങ്കന്‍ ക്രിക്കറ്റിന് പണി കൊടുത്തു. ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാന്‍ തീരുമാനിച്ച മലിംഗ കൈവിട്ടത് സതേണ്‍ എക്‌സ്പ്രസ് ടീമിനെ. ശ്രീലങ്കന്‍ ടീമായ സതേണ്‍ എക്‌സ്പ്രസിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ലസിത് മലിംഗ.
ലസിത് മലിംഗ തങ്ങള്‍ക്ക് വേണ്ടി കളിക്കണം എന്നാണ് ആഗ്രഹമെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി നിഷാന്ത രണതുംഗ പറഞ്ഞു. എന്നാല്‍ മലിംഗയുടെ താല്‍പര്യം മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാനാണ്. ഏത് ടീമിന് വേണ്ടി കളിക്കണമെന്ന് തീരുമാനിക്കാന്‍ കളിക്കാര്‍ക്ക് അവകാശമുണ്ട്. ശ്രീലങ്കന്‍ ലീഗില്‍ സതേണ്‍ എക്‌സ്പ്രസിനെ ചാമ്പ്യന്മാരാക്കിയത് മലിംഗയാണ്. ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ശ്രീലങ്കന്‍ ടീമിനെ നയിച്ചതും മലിംഗയാണ്.

30 കാരനായ ലസിത് മലിംഗയാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ബൗളര്‍. ഐ പി എല്ലിന്റെ രണ്ടാം പാദത്തില്‍ മലിംഗ ഇല്ലാതെയാണ് മുംബൈ ടീം കളിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരായ സഹീര്‍ ഖാനും പ്രവീണ്‍ കുമാറുമാണ് ടീമിലെ മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍. സെപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 4 വരെ ഇന്ത്യയിലാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ്.
നിലവിലെ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ യോഗ്യതാ റൗണ്ട് മുതല്‍ കളിക്കണം. ഐ പി എല്ലില്‍ നാലാം സ്ഥാനത്തായിപ്പോയതാണ് മുംബൈ ടീമിന് വിനയായത്. ആദ്യ മൂന്ന് സ്ഥാനക്കാരായ കൊല്‍ക്കത്ത, പഞ്ചാബ്, ചെന്നൈ ടീമുകളും ചാമ്പ്യന്‍സ് ലീഗിനുണ്ട്. ലാഹോര്‍ ലയണ്‍സ്, നോര്‍തേണ്‍ കിംഗ്‌സ്, സതേണ്‍ എക്‌സ്പ്രസ് എന്നിവയാണ് യോഗ്യതാ റൗണ്ടിലെ മറ്റ് ടീമുകള്‍.












Click it and Unblock the Notifications